
കടുത്ത മാനസിക രോഗങ്ങളിൽ പ്രധാനമാണ് ബൈപോളാർ ഡിസോർഡർ, സ്‌കിസോഫ്രീനിയ, വിഷാദരോഗം, സംശയ
രോഗങ്ങൾ, ലഹരിപദാർത്ഥങ്ങളുടെ ദുരുപയോഗം, വിവിധ വ്യക്തിത്വ വൈകല്യങ്ങൾ എന്നിവ. ഉത്കണ്ഠാരോഗങ്ങൾ, പ്രതികൂല ജീവിതസാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവില്ലായ്മ തുടങ്ങിയവ മറ്റു മാനസികാരോഗ്യ പ്രശ്‌നങ്ങളിൽ വരും.
കൊവിഡ് ജനങ്ങളുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. അമിത ഉത്കണ്ഠ, വിഷാദം, ഭയം, ആത്മഹത്യാ പ്രവണത തുടങ്ങിയവയാണ് ഇതിൽ പ്രധാനം. കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നുമുള്ള ഒറ്റപ്പെടൽ, രോഗപ്രതിരോധത്തിന്റെ ഭാഗമായ നിയന്ത്രണങ്ങൾ മൂലമുള്ള മാനസിക വൈകാരിക പ്രശ്‌നങ്ങൾ, സാമ്പത്തിക പ്രതിസന്ധി, തൊഴിൽ നഷ്ടം, വിദേശങ്ങളിൽ അകപ്പെട്ടുപോയ ബന്ധുക്കളെപ്പറ്റിയുള്ള ഉത്കണ്ഠ തുടങ്ങിയവയെല്ലാം ഇതിന് ആക്കം കൂട്ടുന്ന ഘടകങ്ങളാണ്. ആത്മഹത്യാനിരക്കിലും കൊവിഡ് മൂലം വർദ്ധനയുണ്ടായിരിക്കുന്നു.
മാനസികാരോഗ്യ പരിരക്ഷ പൗരാവകാശമാണെന്ന വസ്തുത മിക്കപ്പോഴും പരിഗണിക്കപ്പെടുന്നില്ല. ഇതുമൂലം ചികിത്സ അർഹിക്കുന്ന മനോരോഗികളിൽ 80 ശതമാനം പേർക്കും അതു ലഭ്യമാക്കാൻ നമുക്ക് കഴിയുന്നില്ല. ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയാണ് മുഖ്യകാരണം. മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളവരോട് സമൂഹം വച്ചുപുലർത്തുന്ന വിവേചനമാണ് മറ്റൊന്ന്. ആർക്കും വരാവുന്ന രോഗമാണ് ഇതെന്നും യഥാസമയം കണ്ടെത്തി ശരിയായ ചികിത്സ നൽകിയാൽ മിക്ക രോഗങ്ങളും മാറ്റിയെടുക്കാമെന്നുമുള്ള ശാസ്ത്രീയ ജ്ഞാനം ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ പൊതുസമൂഹത്തിന് ഉണ്ടാകണം.
(സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിട്ടി മുൻ സെക്രട്ടറിയാണ് ലേഖകൻ )