
ഉന്നത വിദ്യാഭ്യാസ മേഖലയിൽ കെടുകാര്യസ്ഥത കൊണ്ടുമാത്രം നമ്മുടെ കുട്ടികൾക്കുണ്ടാകുന്ന നഷ്ടത്തെക്കുറിച്ച് ആരും ചിന്തിച്ചുകാണാറില്ല. ഓരോ മേഖലയ്ക്കും പ്രത്യേകം പ്രത്യേകം സർവകലാശാലകൾ നിലവിൽ വന്നിട്ടുപോലും സ്ഥിതിഗതികൾക്കു വലിയ മാറ്റം കാണുന്നില്ല. എൻജിനിയറിംഗ് പഠന നിലവാരം ഉയർത്തി കൂടുതൽ മെച്ചപ്പെട്ട പരീക്ഷാഫലം സൃഷ്ടിക്കാൻ വേണ്ടിയാണ് സാങ്കേതിക സർവകലാശാല സ്ഥാപിച്ചത്. ഒരു മാറ്റവും കൊണ്ടുവരാൻ സാധിച്ചിട്ടില്ലെന്നാണ് ഏറ്റവും ഒടുവിൽ വന്ന ബി.ടെക് പരീക്ഷാഫലവും തെളിയിക്കുന്നത്. മെഡിക്കൽ സർവകലാശാല സ്ഥാപിതമായിട്ടും സർക്കാർ മെഡിക്കൽ കോളേജുകൾ പോലും അംഗീകാരം പുതുക്കിക്കിട്ടാൻ പാടുപെടുന്നു. അടിസ്ഥാന സൗകര്യങ്ങളുടെയും ഫാക്കൽറ്റിയുടെയും അവശ്യം വേണ്ട ആശുപത്രി സൗകര്യങ്ങളുടെയും കാര്യത്തിൽ ചില കോളേജുകൾ ഏറെ പിന്നിൽത്തന്നെയാണ്. ഇവിടങ്ങളിൽ പ്രവേശനം നേടാൻ ദുര്യോഗമുണ്ടായ വിദ്യാർത്ഥികൾ പലപ്പോഴും കോടതി കയറേണ്ടിവരുന്ന അവസ്ഥയുമുണ്ട്. പഠനം തുടങ്ങിയശേഷം കോളേജിന് അംഗീകാരം നഷ്ടപ്പെടുന്ന സാഹചര്യത്തിൽ കണ്ണീരും കൈയുമായി ഇറങ്ങിപ്പോകേണ്ടിവന്ന അനുഭവങ്ങൾ ഈ അടുത്തകാലത്തുമുണ്ടായതാണ്.
മെഡിക്കൽ പ്രവേശനത്തിനു കാത്തിരിക്കുന്ന കുട്ടികളെ ഈ വർഷവും നിരാശപ്പെടുത്തുന്ന തീരുമാനമാണ് മെഡിക്കൽ കൗൺസിലിൽ നിന്ന് കഴിഞ്ഞ ദിവസം ഉണ്ടായിരിക്കുന്നത്. മലയോര മേഖലയുടെ വലിയ പ്രതീക്ഷയായ ഇടുക്കി മെഡിക്കൽ കോളേജിൽ ഈ വർഷവും പ്രവേശനം പാടില്ലെന്നു കല്പന ഇറക്കിയിരിക്കുകയാണ് മെഡിക്കൽ കൗൺസിൽ. ആറുവർഷം മുൻപ് ആരംഭിച്ച ഇടുക്കി മെഡിക്കൽ കോളേജിൽ ആദ്യ രണ്ടുവർഷം പ്രവേശം നടന്നതാണ്. എന്നാൽ മെഡിക്കൽ കൗൺസിലിന്റെ പരിശോധനകളിൽ ഒട്ടേറെ അപര്യാപ്തതകൾ കണ്ടെത്തിയതിനെത്തുടർന്ന് 2017-ൽ പ്രവേശനാനുമതി നിഷേധിക്കുകയായിരുന്നു. അപ്പോൾ പഠിച്ചുകൊണ്ടിരുന്ന കുട്ടികളെ വിവിധ സർക്കാർ കോളേജുകളിലേക്കു മാറ്റേണ്ടിയും വന്നു. മെഡിക്കൽ കൗൺസിൽ ചൂണ്ടിക്കാണിച്ച കുറവുകളെല്ലാം പരിഹരിച്ച് ആശുപത്രി നിർമ്മാണവും പൂർത്തിയാക്കി സർവ്വവിധ സന്നാഹങ്ങളോടെ കോളേജ് വീണ്ടും ഉദ്ഘാടനം ചെയ്തത് ഈ അടുത്ത കാലത്താണ്.
ഈ അദ്ധ്യയന വർഷം മുതൽ പ്രവേശനം തുടങ്ങാനിരുന്നപ്പോഴാണ് പുതിയ കല്പന എത്തുന്നത്. ഏഴ് കുറവുകളാണത്രെ കഴിഞ്ഞ മാസം ഒടുവിൽ നടന്ന പരിശോധനയിൽ മെഡിക്കൽ കൗൺസിൽ കണ്ടെത്തിയത്. അദ്ധ്യാപകരുടെ കുറവ്,കോളേജിനോടനുബന്ധിച്ച് അവശ്യം ഉണ്ടാകേണ്ട ആശുപത്രി സൗകര്യങ്ങൾ, ഹൗസ് സർജന്മാർ ആവശ്യത്തിന് ഇല്ലാത്തത്, രോഗികളുടെ കുറവ്, ലാബിന്റെയും റേഡിയോളജി വിഭാഗത്തിന്റെയും അപര്യാപ്തത തുടങ്ങിയ ന്യൂനതകൾ ചൂണ്ടിക്കാട്ടിയാണ് പ്രവേശനാനുമതി നിഷേധിച്ചിരിക്കുന്നത്. മുൻ പരിശോധനകളിലും ഇതൊക്കെ അക്കമിട്ടു ചൂണ്ടിക്കാണിച്ചിരുന്നതാണ്. മൂന്നുവർഷം സാവകാശം ലഭിച്ചിട്ടും ന്യൂനതകൾ പരിഹരിക്കാനായില്ലെന്നത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ വലിയ വീഴ്ച തന്നെയാണ്. നിരുത്തരവാദപരമായ ഈ പ്രവൃത്തിയിലൂടെ നൂറോളം സമർത്ഥരായ കുട്ടികളുടെ മെഡിക്കൽ പഠന മോഹമാണ് അധികൃതർ ഇല്ലാതാക്കുന്നത്.
പലതിലുമെന്നപോലെ ഇവിടെയും സാധാരണക്കാരായ കുട്ടികൾക്കാണ് ഏറെ നഷ്ടമുണ്ടാകുന്നത്. കുറഞ്ഞ ഫീസിൽ പഠിക്കാൻ അവരിൽ നിരവധി പേർക്ക് ലഭിക്കുമായിരുന്ന അവസരമാണ് ഈ വർഷവും നഷ്ടപ്പെടാൻ പോകുന്നത്. മെഡിക്കൽ കൗൺസിലിന്റെ പരിശോധക സംഘത്തെ കാര്യങ്ങൾ വേണ്ടപോലെ ധരിപ്പിക്കാൻ കഴിഞ്ഞോ എന്നും സന്ദേഹിക്കേണ്ടിയിരിക്കുന്നു. കാരണം കേരളത്തിലെ സൗകര്യങ്ങളുടെ അത്രപോലുമില്ലാത്ത കേരളത്തിനു പുറത്തുള്ള എത്രയോ മെഡിക്കൽ കോളേജുകളിൽ നിർബാധം പ്രവേശനം നടക്കുന്നുണ്ടെന്നാണ് ഈ മേഖലയുമായി ബന്ധമുള്ളവർ ചൂണ്ടിക്കാണിക്കുന്നത്. അനുഭവങ്ങളുടെ വെളിച്ചത്തിൽ അതിൽ കഴമ്പുണ്ടുതാനും.
മെഡിക്കൽ കൗൺസിൽ കഴിഞ്ഞ വർഷത്തെ പരിശോധനയിൽ ചൂണ്ടിക്കാണിച്ച എല്ലാ പോരായ്മകളും പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് കോളേജ് അധികൃതരുടെ വാദം. ഇതൊന്നും പരിഗണിക്കാതെയാണത്രെ കൗൺസിലിന്റെ ഏകപക്ഷീയമായ ഉത്തരവ്. ഏതായാലും പുതിയ പ്രവേശന നടപടി ആരംഭിക്കാനിരിക്കുന്ന ഈ വേളയിൽ കൗൺസിലിന്റെ തീരുമാനം മെഡിക്കൽ പഠന മോഹവുമായി രാപകൽ അദ്ധ്വാനിച്ചുകൊണ്ടിരുന്ന നിരവധി വിദ്യാർത്ഥികൾക്ക് വലിയ തിരിച്ചടി തന്നെയാണ്. തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ ശ്രമിക്കുന്ന മെഡിക്കൽ കോളേജ് അധികൃതർക്കും ഇത്തരമൊരു അവസ്ഥ വന്നുചേർന്നതിൽ നിഷേധിക്കാനാവാത്ത പങ്കുണ്ടെന്ന കാര്യം മറന്നുകൂടാ. മെഡിക്കൽ കൗൺസിലിന്റെ ദ്രോഹകരമായ തീരുമാനം തിരുത്തിക്കാൻ എന്തൊക്കെ ചെയ്യാനാകുമെന്ന് സർക്കാർ ആലോചിക്കണം.
സാങ്കേതിക ന്യൂനതകൾ ചൂണ്ടിക്കാട്ടി ഇടുക്കി മെഡിക്കൽ കോളേജിന് പ്രവേശനാനുമതി നിഷേധിച്ച വാർത്ത വന്നതിനു തൊട്ടുപിറകെയാണ് കാർഷിക സർവകലാശാലയുടെ കീഴിലുള്ള നാല് കോളേജുകളിലായി പതിനാല് കോഴ്സുകളുടെ അംഗീകാരം നഷ്ടമായ വാർത്ത എത്തുന്നത്. ഗവേഷണ, പി.ജി, ബിരുദ തലങ്ങളിലെ കോഴ്സുകൾക്കുള്ള അംഗീകാരമാണ് നഷ്ടമായിരിക്കുന്നത്. ഇവിടെയും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ നിബന്ധനകൾ പാലിക്കാൻ കഴിയാതിരുന്നതിന്റെ പേരിലാണ് നടപടി. അഞ്ഞൂറോളം കുട്ടികളെയാണ് കേന്ദ്ര കൗൺസിലിന്റെ തീരുമാനം പ്രതികൂലമായി ബാധിക്കുക.
പത്തുവർഷം മുൻപു വരെ അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന വെള്ളായണി കാർഷിക കോളേജിന്റെ ഇപ്പോഴത്തെ സ്ഥാനം തുലോം പിന്നിലാണ്. കോഴ്സുകളുടെ അംഗീകാരം റദ്ദായത് ഏറ്റവുമധികം ബാധിക്കാൻ പോകുന്നതും ഈ കോളേജിനെയാണത്രെ. എന്റമോളജി വിഭാഗത്തിലെ നൂറ്റിഅൻപതിലേറെ കുട്ടികളുടെ ഭാവിയാണു തുലാസിലാകാൻ പോകുന്നത്.
അതുപോലെ മലപ്പുറം, തൃശൂർ എന്നിവിടങ്ങളിലെ കാർഷിക കോളേജുകളിൽ പഠിക്കുന്ന നിരവധി വിദ്യാർത്ഥികൾക്കും കേന്ദ്ര കൗൺസിൽ തീരുമാനം പ്രതികൂലമാകും. ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും അതതു സമയത്തു അധികൃതർ തിരിച്ചറിയാത്തതാണ് ഇത്തരം അവസ്ഥ സൃഷ്ടിക്കുന്നത്. മെഡിക്കൽ കോളേജുകളിലെന്ന പോലെ കാർഷിക കോളേജുകളിലും ഉത്തരവാദപ്പെട്ട സ്ഥാനങ്ങൾ പലതും ഒഴിഞ്ഞുകിടക്കാറുണ്ട്. ഇപ്പോൾ 14 കോഴ്സുകളുടെ അംഗീകാരം നഷ്ടപ്പെടാൻ ഇടയാക്കിയതിനു പ്രധാന കാരണമായി കേന്ദ്ര കൗൺസിൽ ചൂണ്ടിക്കാട്ടിയതും ബന്ധപ്പെട്ട വകുപ്പുകളിൽ അദ്ധ്യാപകർ വേണ്ടത്ര ഇല്ലെന്നതാണ്.