
തൊളിക്കോട്-തുരുത്തി-ഭദ്രംവച്ചപാറ റോഡിന് 5 കോടി അനുവദിച്ചു
വിതുര: തൊളിക്കോട്,നന്ദിയോട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തൊളിക്കോട്-തേവൻപാറ-തുരുത്തി-ഭദ്രംവച്ചപാറ റോഡിന് ശാപമോക്ഷ മാവുന്നു. റോഡ് ആധുനികനിലവാരത്തിൽ നിർമ്മിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് തുക അനുവദിച്ചു. റോഡിന്റെ മിക്ക ഭാഗത്തും കുഴികൾ നിറഞ്ഞ് ഗതാഗത യോഗ്യമാല്ലാതായിരിക്കുകയാണ്. ചിലയിടങ്ങളിൽറോഡ് മുറിയുകയും ചെയ്തിട്ടുണ്ട്. നന്ദിയോട് പഞ്ചായത്തിൽ നിന്ന് തൊളിക്കോട് എത്താനും തൊളിക്കോടു നിന്ന് നന്ദിയോട് എളുപ്പത്തിൽ എത്താനും ആളുകൾ ആശ്രയിക്കുന്നത് ഈ റോഡാണ്. തകർന്ന റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അധികാരികൾക്ക് നിവേദനങ്ങളും നൽകിയിരുന്നു. റോഡിന്റെ തകർച്ചയും അപകടങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി നിരവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. റോഡ് ഗതാഗതയോഗ്യമാക്കാൻ നയപടികൾ സ്വീകരിക്കുമെന്ന് രണ്ട് വർഷം മുൻപ് മന്ത്രി ജി. സുധാകരൻ പ്രഖ്യാപനവും നടത്തിയിരുന്നു. റോഡ് ഗതാഗതയോഗ്യമാക്കാൻ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു മന്ത്രിക്ക് കത്ത് നൽകിയിരുന്നു. കെ.എസ്. ശബരീനാഥൻ എം.എൽ.എയും മന്ത്രിയോട് ഇക്കാര്യം ഉന്നയിച്ചിരുന്നു. റോഡിന്റെ ദുരവസ്ഥ ബോദ്ധ്യമായതിനെ തുടർന്ന് പൊതുമരാമത്ത് മന്ത്രി അടിയന്തരമായി പ്രശ്നത്തിൽ ഇടപെടുകയും തുക അനുവദിക്കുകയുമായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനായി ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
നിലവിലെ അവസ്ഥ
പാർശ്വഭാഗങ്ങൾ ഇടിഞ്ഞ് വീതി ഗണ്യമായി കുറഞ്ഞു
ഒാടകൾ നിർമ്മിച്ചിട്ടില്ലാത്തതുമൂലം മഴക്കാലത്ത് ചെളിയും,മണ്ണും നിറയും
കൂടാതെ മഴക്കാലത്ത് റോഡിന്റെ മിക്ക ഭാഗവും വെള്ളത്തിൽ മുങ്ങും
റോഡിൽ അപകടങ്ങൾ നിത്യ സംഭവമാണ്
ഇരു ചക്രവാഹനങ്ങൾ മറിഞ്ഞ് അനവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്
ആധുനികരീതിയിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് റോഡ് ടാറിംഗ് നടത്തുന്നത്. ആവശ്യമായ സ്ഥലങ്ങളിൽ ഒാടയും സംരക്ഷണഭിത്തികളും നിർമ്മിക്കും. ഭരണാനുമതിയും സാങ്കേതികാനുമതിയും ടെൻഡർ നടപടികളും പൂർത്തിയാക്കി സമയബന്ധിതമായി നിർമ്മാണം പൂർത്തീകരിക്കും. കെ.എസ്. ശബരീനാഥൻ എം.എൽ.എ
 റോഡ് ആധുനികരീതിയിൽ നവീകരിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിരുന്നു. ആവശ്യം പരിഗണിച്ച് അടിയന്തരമായി തുക അനുവദിക്കുകയായിരുന്നു. അരുവിക്കര നിയോജകമണ്ഡലത്തിലെ പൂവച്ചൽ-കുറ്റിച്ചൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാട്ടാക്കട-പൂവച്ചൽ-കുറ്റിച്ചൽ റോഡ് നവീകരിക്കുന്നതിനായും മൂന്ന് കോടി രൂപ അനുവദിച്ചിട്ടുണ്ട്. രണ്ട് റോഡിന്റെയും നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കും.
-വി.കെ. മധു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്