pic

കൊച്ചി: മഹേഷ് നാരായണൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ, റോഷൻ മാത്യൂ, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച 'സീ യൂ സൂൺ' എന്ന ചിത്രത്തിന്റെ വരുമാനത്തിൽ നിന്ന് പത്ത് ലക്ഷം രൂപ ഫെഫ്കയ്ക്ക് കൈമാറി. മഹേഷ് നാരായണനും ഫഹദ് ഫാസിലുമാണ് തുക ചലച്ചിത്ര സംഘടനയായ ഫെഫ്കയുടെ ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് കൈമാറിയത്. തുക കൈമാറിയ വിവരം ഉണ്ണികൃഷ്ണനാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. വറുതികളുടെ അതിജീവനത്തിന്റെ ഈ കാലത്ത് സഹജീവികളായ ചലച്ചിത്ര പ്രവർത്തകരോട് കാട്ടിയ സ്‌നേഹത്തിനും ഐക്യദാർഢ്യത്തിനും നന്ദിയെന്ന് ഉണ്ണികൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. ലോക്ക് ഡൗണിൽ നിശ്ചലമായ മലയാള സിനിമാലോകത്തിന് പുതിയ സിനിമാചിത്രീകരണ സാധ്യതകളിലേക്കുള്ള വഴി തുറന്ന ചിത്രമായിരുന്നു സീ യു സൂൺ. നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്ത ചിത്രം സിനിമാപ്രേമികൾ ഏറ്റെടുത്തതോടൊപ്പം നിരൂപകശ്രദ്ധയും നേടിയിരുന്നു.

ആമസോൺ പ്രൈമിൽ സെപ്തംബർ 1നാണ് ചിത്രമെത്തിയത്. 14 ദിവസം കൊണ്ടാണ് സീ യു സൂൺ ചിത്രീകരിച്ചത്.

സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ വേൾഡ് പ്രീമിയറിന് ശേഷം ആമസോണിൽ റിലീസ് ചെയ്യുന്ന താരമൂല്യമുള്ള മലയാള ചിത്രം കൂടിയായിരുന്നു സീ യൂ സൂൺ. ഫഹദ് ഫാസിൽ ആണ് ചിത്രം നിർമ്മിച്ചത്. ഗോപി സുന്ദറാണ് ചിത്രത്തിൽ സംഗീതം ഒരുക്കിയിരിക്കുന്നത്. 'ടേക്ക് ഓഫ്', 'മാലിക്' എന്നീ ചിത്രങ്ങൾക്കു ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിച്ച ചിത്രം കൂടിയായിരുന്നു സീ യൂ സൂൺ.