
കല്ലമ്പലം: പത്തനാപുരം - കുടവൂർ പാടശേഖരത്തിന്റെ ഇരുകരകളിലെയും ചെമ്മൺപാതകൾ കുളമായി. ഇതുവഴിയുള്ള കാൽനട യാത്രപോലും ദുഷ്കരമാണ്. അടുത്തിടെയുണ്ടായ ശക്തമായ മഴയിലാണ് പാത വെള്ളം കയറി നശിച്ചത്. ഇതുമൂലം പാടത്തിലെ വിളവെടുത്ത് കൊണ്ടുപോകാനും വളങ്ങളും മറ്റും കൊണ്ടുവന്ന് കൃഷിയിറക്കാനും യന്ത്രങ്ങൾ എത്തിക്കാനും സാധിക്കുന്നില്ല. പാതയിൽ നിരവധി കുഴികൾ രൂപപ്പെട്ടു. വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ കുഴിയുടെ ആഴം മനസിലാകാതെ ബൈക്കുകൾ വീണുള്ള അപകടങ്ങളും പതിവാണ്. കുഴികൾ നികത്തി ഗതാഗതയോഗ്യമാക്കാൻ കർഷകരും നാട്ടുകാരും നാവായിക്കുളം പഞ്ചായത്തധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ല.