photo

പാലോട്: ലോകത്തു നിന്ന് നശിച്ചെന്നു കരുതിയിരുന്ന മല മാവുകളെ പാലോട് വനമേഖലയിൽ കണ്ടെത്തി. ബൊക്കനാനിയ ബാർബറി എന്ന ശാസ്ത്ര നാമത്തിലറിയപ്പെടുന്ന മലമാവുകളെ 1904ലാണ് ചാൾസ് ആൽഫ്രഡ് ബാർബർ എന്ന സസ്യ ശാസ്ത്രജ്ഞൻ കണ്ടെത്തിയത്. ഇവ കുളമാവ് എന്ന സസ്യ കുടുംബത്തിലേതാണെന്നാണ് അദ്ദേഹം കരുതിയത്. എന്നാൽ 1914 ൽ എ.ജെ.ഗാമ്പിൾ എന്ന സസ്യ ശാസ്ത്രജ്ഞനാണ് ഇവ വംശനാശ ഭീഷണി നേരിടുന്ന മലമാവാണെന്ന് തിരിച്ചറിഞ്ഞത്. പക്ഷേ പിന്നീട് ലോകത്ത് ഒരിടത്തും ഇവയെ കണ്ടെത്താനായില്ല.

പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞരാണ് വലിപ്പമുള്ള രണ്ട് മലമാവുകളെ കണ്ടെത്തിയത്. ഇവ നിൽക്കുന്ന പാലോട് റേഞ്ച് ഓഫീസ് പരിസരം സംരക്ഷിത വനപ്രദേശമാക്കുമെന്നും സുരക്ഷാവേലി കെട്ടി സംരക്ഷിക്കുമെന്നും വനപാലകർ അറിയിച്ചു.

വംശനാശമുണ്ടായെന്ന് കരുതിയിരുന്ന സപ്പോട്ട കുടുംബത്തിൽ പെട്ട ഇലിപ്പ എന്ന ഇനത്തിൽ പെട്ട കാവിലിപ്പ (മാധുക ഡിപ്ലോസ്റ്റൈമൻ) എന്ന സസ്യവും കൊല്ലം പരവൂരിനടുത്ത് കൂനയിൽ ആയിരവല്ലി ശിവക്ഷേത്രത്തിൽ ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്തജ്ഞർ കണ്ടെത്തി. ശ്വാസകോശ, ദന്ത, വാതരോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കാവുന്ന ഇലിപ്പ ജാതിയിൽപ്പെട്ട മരം ഒറ്റനോട്ടത്തിൽ ആറ്റിലിപ്പ എന്ന് തോന്നുമെങ്കിലും ഇലയുടെ അഗ്രത്തിലെ കൗതുകം കണ്ട് പഠനവിധേയമാക്കിയിരുന്നു. തുടർന്നാണ് കാവിലിപ്പയെന്ന് കണ്ടെത്തിയത്.