
വക്കം: വെള്ളക്കെട്ടിലും ചെളി നിറഞ്ഞ വഴിയിലും ചുറ്റിക്കറങ്ങി സഞ്ചരിക്കേണ്ട അവസ്ഥയിൽ ഒരു കുടുംബം. വക്കം വെളിവിളാകം - ആങ്ങാവിള റോഡിലെ ചാവടിമുക്ക് റോഡുമായി ബന്ധിപ്പിക്കുന്ന ഇട റോഡിലെ വെള്ളക്കെട്ടും ചെളിയും വഴിയാത്രക്കാർക്കും സമീപവാസികൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇവിടെ താമസിക്കുന്ന കൊച്ചാറ്റൂർ വീട്ടിൽ ചന്ദ്രൻ വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. ഈ നടവഴിയിൽ മഴവെള്ളം കെട്ടിക്കിടന്ന് സമീപവാസികൾക്ക് കൊതുക് ശല്യം രൂക്ഷമാണ്. മാസങ്ങളായി കെട്ടിക്കിടക്കുന്ന മലിനജലത്തിൽ നിന്നും ദുർഗന്ധവും വമിക്കുന്നുണ്ട്. മാടൻനട ക്ഷേത്രത്തിലേക്ക് എളുപ്പ മാർഗം ഈ വഴിയാണ് ആങ്ങാവിളയിൽ നിന്നുള്ളവരും പരിസരത്തുള്ളവരും പോകാൻ ഉപയോഗിക്കുന്ന വഴി ഇതാണ്. ചെളിയും മലിനജലവും കെട്ടി കിടക്കുന്നതിനാൽ ആൾക്കാർ ഈ വഴി ഉപേക്ഷിച്ച് ചുറ്റിക്കറങ്ങിയാണ് സഞ്ചരിക്കുന്നത്. ഈ വെള്ളക്കെട്ടിന് സമീപം താമസിക്കുന്ന കുടുംബത്തിന് പുറത്തു പോകണമെങ്കിലും ചുറ്റിക്കറങ്ങണമെന്ന നിലയിലാണിപ്പോൾ. ഇവിടെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് നിരവധിതവണ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നു. അടുത്ത ബഡ്ജറ്റിൽ ഉൾക്കൊള്ളിക്കാം എന്ന് കഴിഞ്ഞ നാലു വർഷമായി നാട്ടുകാർ കേൾക്കുന്നു. വെള്ളക്കെട്ടില്ലാത്ത നടവഴി പലതും ഇന്റർലോക്ക് ഇട്ട് വൃത്തിയാക്കുമ്പോൾ തങ്ങളെ അവഗണിക്കുന്നതായാണ് നാട്ടുകാരുടെ പരാതി.