
കോവളം: മത്സ്യക്കുഞ്ഞുങ്ങളുടെ ഉത്പാദനത്തിൽ പുത്തൻ വിജയഗാഥ രചിച്ച് വിഴിഞ്ഞത്തെ സമുദ്ര മത്സ്യഗവേഷണ കേന്ദ്രം. വളയോട് (ആവോലി വറ്റ) മീനുകൾക്ക് കൃത്രിമ പ്രജനനകേന്ദ്രവും വിത്തുത്പാദന കേന്ദ്രവും ഇവിടെ സജ്ജമായി. വളയോട് മീനുകൾക്കുള്ള ഇന്ത്യയിലെ ആദ്യത്തെ ബ്രൂഡ് ബാങ്ക് കേന്ദ്രമാണിത്. കടലിന്റെ ആവാസവ്യവസ്ഥ കൃത്രിമമായി ഒരുക്കിയാണ് ഉത്പാദനം നടക്കുക. വളയോട് മീനുകളെ വളർത്തുന്നതിനും അവയുടെ പ്രജനനം പൂർത്തീകരിക്കുന്നതിനുമുള്ള വലിയ ടാങ്കുകളും അനുബന്ധ ഉപകരണങ്ങളും സജ്ജമാക്കിയാണ് പ്രവർത്തനം. വളയോട് അടക്കമുള്ള കടൽമീനുകളുടെ അളവിൽ ഗണ്യമായ കുറവുള്ളതിനാലാണ് ഇത്തരമൊരു സംരംഭത്തിലേക്ക് തിരിഞ്ഞതെന്ന് അധികൃതർ പറഞ്ഞു. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പുതിയ പ്രജനന കേന്ദ്രവും കൃത്രിമ വിത്തുത്പാദന കേന്ദ്രവും നിർമ്മിച്ചതെന്ന് സി.എം.എഫ്.ആർ.ഐ. മേധാവി ഡോ.എം.കെ. അനിൽ പറഞ്ഞു.
പദ്ധതി ഇങ്ങനെ
---------------------------------
ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡിന്റെ ധനസഹായത്തോടെ 5.64 കോടി രൂപ ഉപയോഗിച്ചാണ് ഇവിടെ മീൻമുട്ടകൾ ഉത്പാദിക്കുന്നത്. മീൻവിത്ത് ഉത്പാദിപ്പിക്കാൻ ഇവിടെ 200ഓളം വളയോട് ബ്രൂഡ് മീനുകളെയാണ് ആധുനിക സാങ്കേതിക സംവിധാനത്തിലൂടെ വളർത്തുന്നത്. മീൻമുട്ടകൾ ആവശ്യമുള്ളപ്പോൾ ഈ മീനുകളിൽ ഹോർമോൺ കുത്തിവച്ച് കൃത്രിമ പ്രജനനം നടത്തിയാണ് മുട്ട ഉത്പാദിപ്പിക്കുക. ഇവ സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന അഴിക്കോട് (തൃശൂർ) ആസ്ഥാനമായുള്ള പുതിയ വളയോട് ഹാച്ചറിയിലേക്ക് കൈമാറും. അവിടുത്തെ ഹാച്ചറിയിൽ വളർത്തി വലുതാക്കി കർഷകർക്ക് കൊടുക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്. റീജിയണൽ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ അംബരീഷ്, സൂര്യ, ഗോമതി, ഡോ. സന്തോഷ് എന്നിവരുടെ കൂട്ടായ്‌മയിലാണ് മീൻമുട്ടകൾ ഉത്പാദിപ്പിക്കുന്നത്.
ആയുസ് 10 വർഷം,
മത്സ്യക്കർഷകർക്ക് പ്രിയം
വിഴിഞ്ഞം സമുദ്ര മത്സ്യഗവേഷണ കേന്ദ്രത്തിൽ ഉത്പാദിപ്പിക്കുന്ന വളയോട് മീനുകൾക്ക് പ്രതിരോധശേഷി കൂടുതലാണ്. ഇവ പത്തുവർഷം വരെ ജീവിക്കുമെന്ന് അധികൃതർ പറഞ്ഞു. വെള്ളി നിറത്തിലുള്ള ഇവ പാരമീനിന്റെ വിഭാഗത്തിലുള്ളതാണ്. കർഷകരുടെ ആവശ്യമനുസരിച്ച് വിത്തായും മുട്ടയായും വിതരണം നടത്തും. നിലവിലുള്ള സൗകര്യങ്ങളുപയോഗിച്ച് ഉത്പാദിപ്പിക്കുന്ന മീൻ കുഞ്ഞുങ്ങളെയും മുട്ടകളെയും വിതരണം ചെയ്യുന്നുണ്ട്. വളരെ സ്വാദിഷ്ടമാണ് വളയോട് മീനിന്റെ മാംസം. കേരളം, തമിഴ്നാട്, കർണാടകം, ആന്ധ്ര എന്നിവിടങ്ങളിലെ മത്സ്യക്കർഷകരെ ലക്ഷ്യമിട്ടാണ് വളയോട് മീനിന്റെ ഉത്പാദനം. കുഞ്ഞുങ്ങൾ രണ്ടുവർഷം കഴിയുന്നതോടെ മുട്ടയിട്ടു തുടങ്ങും. വളയോട് മീനിൽ 50 മില്ലിഗ്രാം കൊളസ്‌ട്രോൾ അടങ്ങിയിട്ടുണ്ട്. 65 ഗ്രാം സോഡിയം, 18.5 ശതമാനം പ്രോട്ടീൻ എന്നിവ കൂടാതെ ശരീരത്തിന് പ്രയോജനപ്പെടുന്ന ഒമേഗ ഫാറ്റുകളും മീനിൽ അടങ്ങിയിട്ടുണ്ട്.
പദ്ധതി തുക - 5.42 കോടി
ഇവിടെ ഉത്പാദിപ്പിക്കുന്നത് 200ഓളം
വളയോട് ബ്രൂഡ് മീനുകൾ