
ആറ്റിങ്ങൽ: തോന്നയ്ക്കൽ പ്രദേശത്ത് പരിസ്ഥിതി - ഖനന നിയമങ്ങൾ കാറ്റിൽപ്പറത്തി കളിമൺ ഖനനം നടക്കുന്നത് നാട്ടുകാർക്ക് ഭീഷണിയാകുന്നു. വർഷങ്ങളായി നടന്നു വരുന്ന കളിമൺ ഖനനം സാംസ്കാരിക കേന്ദ്രമെന്നു വിശേഷിപ്പിക്കുന്ന തോന്നയ്ക്കലിന്റെ നാശത്തിലേക്ക് നയിക്കുകയാണ്. ശേഖരിക്കുന്ന കളിമണ്ണ് വിവിധ ആവശ്യങ്ങൾക്കായി രാസവസ്തുക്കൾ ചേർത്ത് സംസ്കരിക്കുമ്പോൾ ഉണ്ടാകുന്ന മാരക വിഷാംശമുള്ള പദാർത്ഥങ്ങൾ ഒഴുക്കി വിടുന്നതിനാൽ ഈ പ്രദേശങ്ങളിലെ കിണറുകളും മറ്റ് ജല സ്രോതസുകളും മലിനമാകുകയാണ്. കളിമൺ സംസ്‌കരണ ഫാക്ടറികളിൽ നിന്നും പുറത്തു വരുന്ന പൊടിപടലം കാരണം ഇവിടുള്ളവർക്ക് മാരക രോഗങ്ങൾ പിടിപെടുകയാണ്. ഇതിൽ പ്രധാനമായത് ആസ്തമയും ശ്വാസകോശ സംബന്ധമായ മറ്റ് മാറാ രോഗങ്ങളുമാണ്. കൊറോണ വ്യാപനംകൂടി നടക്കുന്നതിനാൽ ഈ പ്രദേശത്തെ ശ്വാസകോശ രോഗികൾ ഭയപ്പാടിലാണ്. നിയമം അനുശാസിക്കുന്ന യാതൊരു സുരക്ഷയും ഏർപ്പെടുത്താതെയാണ് ഇവിടെ ഖനനം നടക്കുന്നത്. ആരെങ്കിലും എതിർത്താൽ അവരെ നല്ലതുപോലെ സ്വാധിനിച്ച് കാര്യങ്ങൾ നടത്തിയെടുക്കാനുള്ള വിരുത് കമ്പനികൾ ആദ്യമേതന്നെ നേടിയിരുന്നു. അതിനാൽ ചെറിയ എതിർപ്പുകൾ ഉണ്ടായാലും പിന്നീട് യാതൊരു പ്രശ്നവും ഇല്ലാതെ നിയമ ലംഘനത്തിന് കൂട്ടാകുകയാണ് ചെയ്യുന്നത്. ഇതിനിടയിലാണ് സ്വൈരം നശിച്ച ജനം ഒത്തു ചേർന്ന് സമരസമിതി രൂപീകരിച്ച് കോടതിയെ സമീപിച്ചത്. സമിതിക്ക് അനുകൂലമായി ഒരു ഗ്രാമത്തെ നശിപ്പിക്കുന്ന നടപടി നിറുത്തിവയ്ക്കാൻ സുപ്രീം കോടതി ഉത്തരവാകുകയും ചെയ്തു. ഇതോടെ കമ്പനികൾ പൂട്ടി. എന്നാൽ പൂട്ടിയ കമ്പനികൾ തുറപ്പിക്കാനായി ജീവനക്കാർ പട്ടിണിയിലാണെന്നുപറഞ്ഞ് സർക്കാരിനെ സ്വാധീനിച്ച് കമ്പനികൾ വീണ്ടും തുറക്കുകയാണ് ചെയ്തത്. ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് ദുരിതം അനുഭവിക്കുന്ന ജനം.