
തിരുവനന്തപുരം: മനസ് പുഴുവരിച്ചവർക്ക് മാത്രമേ ആരോഗ്യവകുപ്പിനെ പുഴുവരിച്ചെന്ന് പറയാനാകൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ വീഴ്ച വരുത്തുന്നുവെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ ) ആരോഗ്യ വകുപ്പിനെ പുഴുവരിക്കുന്നതായി വിമർശിച്ചിരുന്നു. 75 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ നിർവഹിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇതിന്റെ പേരിൽ ഐ.എം.എയെ കടന്നാക്രമിച്ചത്.
ആരോഗ്യ രംഗത്തെ അത്രകണ്ട് ആക്ഷേപിക്കാൻ ഇതേവരെ ഒരു വകയുമുണ്ടായിട്ടില്ല. നാടാകെ ആരോഗ്യമേഖലയെ പ്രശംസിക്കുകയാണ്. ഉയർത്തുന്ന വിമർശനങ്ങൾ അർഹിക്കുന്നതാണോയെന്ന് അത്തരം കേന്ദ്രങ്ങൾ പരിശോധിക്കുന്നത് നല്ലതാണ്. ആരോഗ്യമേഖലയിലെ വിദഗ്ദ്ധരുടെ ഉപദേശം മാനിച്ചാണ് മുന്നോട്ട് പോകുന്നത്. സ്വയമേവ വിദഗ്ദ്ധരാണെന്ന് ധരിച്ച് നിൽക്കുന്ന ആരെയെങ്കിലും സർക്കാർ ബന്ധപ്പെട്ടിട്ടില്ലെങ്കിൽ, അത് വിദഗ്ദ്ധരെ ബന്ധപ്പെടാത്തതാണെന്ന് തെറ്റിദ്ധരിക്കരുത്. വിദഗ്ദ്ധരാണെന്ന് പറയുന്നവർ നാട്ടിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തിലുള്ള വർത്തമാനങ്ങളല്ല പറയേണ്ടത്. ആവശ്യമില്ലാത്ത പ്രതികരണങ്ങൾ വരുമ്പോൾ, സർക്കാരിന്റെ ഭാഗത്ത് വല്ലാത്ത വീഴ്ച പറ്റിയോയെന്ന് പൊതുസമൂഹത്തിന് തെറ്റിദ്ധാരണയുണ്ടാവും. പ്രസ്താവന ഇറക്കിയവർക്ക് മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടങ്കിൽ തുടർന്നും പറയാം. പക്ഷേ, ആരോഗ്യ വിദഗ്ദ്ധരാണെന്ന് പറഞ്ഞ് തെറ്റിദ്ധാരണയുണ്ടാക്കാൻ ശ്രമിക്കരുത്. മറ്റെന്തെങ്കിലും മനസിൽ വച്ചുകൊണ്ടുള്ള പുറപ്പാടാണെങ്കിൽ അതൊന്നും കേരളത്തിൽ ഏശില്ല. ആരോഗ്യമേഖലയുടെ നേട്ടങ്ങളെ ഇകഴ്ത്തിക്കാണിക്കരുത്. നാടിന്റെ ഈ പ്രത്യേകത രാജ്യവും ലോകവും അംഗീകരിക്കുന്നതാണെന്ന് ഓർമ്മ വേണം- മുഖ്യമന്ത്രി പറഞ്ഞു.
പോരായ്മകൾ ചൂണ്ടിക്കാട്ടുന്നത് അപമാനിക്കലല്ല : ഐ.എം.എ
തിരുവനന്തപുരം: ആരോഗ്യവകുപ്പിനെ പുഴുവരിക്കുന്നുവെന്ന് പറഞ്ഞത് പോരായ്മകൾ ചൂണ്ടിക്കാട്ടുന്നതിന്റെ ഭാഗമാണെന്നും അത് ആരെയും അപമാനിക്കലല്ലെന്നും ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വർഗീസ് പറഞ്ഞു. രോഗിയെ പുഴുവരിച്ച സംഭവത്തിൽ മെഡിക്കൽ കോളേജിൽ ആത്മാർത്ഥമായി ജോലിനോക്കുന്ന ഡോക്ടറെ പിരിച്ചുവിട്ടതിലുള്ള വികാരമാണ് ആലങ്കാരികമായി പ്രകടപ്പിച്ചത്. ഇത്തരം പദപ്രയോഗങ്ങൾ ചിലഘട്ടങ്ങളിൽ പലരും നടത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പുമായി ചേർന്നാണ് ഇന്നുവരെ പ്രവർത്തിച്ചിട്ടുള്ളത്. അത് തുടരും. അഭിപ്രായങ്ങളെ ഉൾക്കൊള്ളുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.