
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് കണ്ടെത്താനായിട്ടില്ലെന്ന് ഫോറൻസിക് പരിശോധനാഫലം.
ഷോർട്ട് സർക്യൂട്ടാണെന്നു തെളിയിക്കുന്ന ഒന്നും സ്ഥലത്തു നിന്ന് ശേഖരിച്ച സാമ്പിളുകളിൽ കണ്ടെത്താനായില്ലെന്ന് ഫോറൻസിക് ലാബിലെ ഫിസിക്സ് വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. കത്തിയത് ഫയലുകൾ മാത്രമാണ്. സാനിറ്റൈസർ ഉൾപ്പെടെ മറ്റ് വസ്തുക്കൾ കത്തിയില്ലെന്നും സി.ജെ.എം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഷോർട്ട് സർക്യൂട്ട് കാരണം പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായിരുന്ന ടേബിൾ ഫാൻ ഉരുകിയാണ് തീപിടുത്തമുണ്ടായതെന്നാണ് ദുരന്തനിവാരണ കമ്മിഷണർ എ കൗശിഗൻ അദ്ധ്യക്ഷനായ വിദഗ്ദ്ധ സമിതിയും പൊതുമരാമത്ത് വകുപ്പും ഫയർ ഫോഴ്സും കണ്ടെത്തിയത്. ഇതിന് വിരുദ്ധമാണ് ഫോറൻസിക് റിപ്പോർട്ട്.
തീപിടിച്ച മുറിയിൽ നിന്ന് ശേഖരിച്ച 42 സാമ്പിളുകളിൽ 24 എണ്ണത്തിൽ നടത്തിയ പരിശോധനയിലാണ് തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് തെളിഞ്ഞത്. മുറിയിൽ നിന്ന് കത്തിക്കരിഞ്ഞ പേപ്പറുകൾ, ഫയലുകൾ, സാനിറ്റെെസർ, സ്പ്രേ പമ്പ് , സോഡിയം ഹെെഡ്രോ കാർബണേറ്റ് ലായനി അടങ്ങിയ ബോട്ടിൽ, കത്തിക്കരിഞ്ഞ വയർ, സ്വിച്ചുകൾ എന്നിവയാണ് കണ്ടെടുത്ത് പരിശോധനയ്ക്ക് അയച്ചത്. റിപ്പോർട്ടിന്റെ പകർപ്പ് എ.ഡി.ജി.പി മനോജ് എബ്രഹാമിനും കേസിന്റെ അന്വേഷണ ചുമതലയുള്ള എസ്.പിക്കും കൈമാറി. ഫോറൻസിക് ലാബിലെ ഫിസിക്സ്, കെമിസ്ട്രി ഡിവിഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് സാമ്പിളുകൾ ശേഖരിച്ചത്. തീപിടിത്തത്തിനു പിന്നിൽ ഷോർട്ട് സർക്യൂട്ടാണോ എന്നാണ് ഫിസിക്സ് ഡിവിഷൻ പരിശോധിച്ചത്. തീപിടിക്കാൻ പെട്രോൾ പോലുള്ള വസ്തുക്കൾ കാരണമായോയെന്ന് കെമിസ്ട്രി ഡിവിഷൻ പരിശോധിച്ചു.കത്തിയ സ്ഥലത്തുനിന്ന് ചാരം ഉൾപ്പെടെ ശേഖരിച്ചു. ശേഖരിച്ച സാമ്പിളുകൾ അന്വേഷണ ഉദ്യോഗസ്ഥൻ വഴി സീൽചെയ്ത് കോടതിയിൽ സമർപ്പിച്ചു. കോടതി ഇതു തെളിവായി രേഖപ്പെടുത്തിയശേഷം സീൽചെയ്ത കവറിൽ ഫോറൻസിക് ലാബിലേക്കു തിരിച്ചയച്ചു. ഇതിനുശേഷമാണ് പരിശോധന ആരംഭിച്ചത്.
ആഗസ്റ്റ് 25നാണ് സെക്രട്ടേറിയറ്റിലെ പൊതുഭരണവിഭാഗത്തിൽ തീപിടിത്തമുണ്ടായത്. സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ ആവശ്യപ്പെട്ട യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട രേഖകളും മന്ത്രിമാരുടെ വിദേശയാത്രകളുടെ രേഖകളുമാണ് കത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചതോടെയാണ് തീപിടിത്തം വിവാദമായത്. എന്നാൽ 2018 മുതലുളള സർക്കാർ വിജ്ഞാപനങ്ങളും ഗസ്റ്റ് ഹൗസുകളിലെ മുറി ബുക്കിംഗിന്റെ രേഖകളുമാണ് കത്തി നശിച്ചതെന്നാണ് സർക്കാർ പറയുന്നത്.
 സത്യം മൂടാനുള്ള സർക്കാർ ശ്രമം പൊളിഞ്ഞെന്ന് ചെന്നിത്തല
സെക്രട്ടേറിയറ്റിലെ തീപിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന ഫോറൻസിക് റിപ്പോർട്ടോടെ സത്യം മൂടിവയ്ക്കാനുള്ള സർക്കാർ ശ്രമം പൊളിഞ്ഞതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തീപിടിത്തത്തെപ്പറ്റി ജുഡിഷ്യൽ അന്വേഷണം നടത്തണം. തിരുവനന്തപുരം ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഫോറൻസിക് വിഭാഗം സമർപ്പിച്ച റിപ്പോർട്ട് ഗൗരവപൂർവം കാണണം. പ്രതിപക്ഷവും മാദ്ധ്യമങ്ങളും കള്ളക്കഥകൾ മെനയുകയാണെന്ന് ആവർത്തിച്ച മുഖ്യമന്ത്രിക്ക് ഇനിയെന്താണ് പറയാനുള്ളത്. ഫോറൻസിക് റിപ്പോർട്ടിന്റെ വെളിച്ചത്തിൽ മാദ്ധ്യമങ്ങൾക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് പിൻവലിക്കണം.
ഷോർട്ട് സർക്യൂട്ട് കാരണമാണ് തീപിടിത്തമുണ്ടായതെന്ന് ഉദ്യോഗസ്ഥതല സമിതിയെക്കൊണ്ട് റിപ്പോർട്ടെഴുതി വാങ്ങി രക്ഷപ്പെടാൻ സർക്കാർ നടത്തിയ ശ്രമമവും പരാജയപ്പെട്ടു. സത്യം അധിക ദിവസം മൂടിവയ്ക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
 കണ്ടെത്തലിൽ അത്ഭുതമില്ലെന്ന് മുല്ലപ്പള്ളി
സെക്രട്ടേറിയറ്റിലെ തീപിടിത്തം ഷോർട്ട് സർക്യൂട്ടല്ലെന്ന ഫോറൻസിക് വിഭാഗത്തിന്റെ കണ്ടെത്തലിൽ അത്ഭുതപ്പെടാനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സർക്കാർ വാദങ്ങൾ അമ്പേ പൊളിഞ്ഞു.സ്വർണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണ് സെക്രട്ടേറിയറ്റിലെ തീപിടിത്തമെന്നതിൽ സംശയമില്ല. ഗസ്റ്റ് ഹൗസ് താമസത്തിന്റെയും വിദേശ യാത്രകളുടെയും നിർണായക രേഖകളാണ് കത്തിച്ചത്. കേസ് അട്ടിമറിക്കാൻ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ഉന്നതതലത്തിൽ ധാരണയായിട്ടുണ്ട്. അതിന്റെ ഭാഗമാണ് കൃത്യമായ തെളിവുകൾ ശേഖരിക്കുന്നതിൽ എൻ.ഐ.എ അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ വരുത്തുന്ന ഗുരുതരമായ വീഴ്ച. രാഷ്ട്രീയ അന്തർ നാടകങ്ങളുടെ ഇരയായി ഈ ഏജൻസികളെ മാറ്റുമ്പോൾ അവർക്ക് എങ്ങനെ സ്വതന്ത്രമായി കേസ് അന്വേഷിക്കാനും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും സാധിക്കും?.
ലാവ്ലിൻ കേസുപോലെ സ്വർണക്കടത്ത് കേസിന്റെ അന്വേഷണം നീട്ടിക്കൊണ്ടു പോകാനും ഉന്നതരെ രക്ഷിക്കാനുമാണ് അണിയറയിൽ സി.പി.എമ്മും ബി.ജെ.പിയും നീക്കങ്ങൾ നടത്തുന്നത്.
 ആരോപണം തെളിഞ്ഞെന്ന് കെ. സുരേന്ദ്രൻ
സെക്രട്ടേറിയറ്റിലെ ഫയലുകൾ തീവച്ച് നശിപ്പിച്ചതാണെന്ന ബി.ജെ.പി നിലപാട് ശരിവയ്ക്കുന്നതാണ് ഫോറൻസിക് റിപ്പോർട്ടെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം ജുഡിഷ്യൽ കോടതിയിൽ സമർപ്പിച്ച ഫോറൻസിക് റിപ്പോർട്ടിൽ മുഖ്യമന്ത്രി മറുപടി പറയണം. തീവയ്പിന് ഒരുമാസം മുമ്പ് പൊതുഭരണവകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകിയിരുന്നു. സെക്രട്ടേറിയറ്റിലെ സി.സി ടി.വി ദൃശ്യങ്ങൾ ഇടിമിന്നലിൽ തകർന്നെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ അതിനെ സാധൂകരിക്കുന്ന കത്ത് ചീഫ് സെക്രട്ടറി പുറത്തുവിട്ടത് പോലെ തന്നെയാണ് ഈ സർക്കുലറും. തീകത്തുന്ന സമയത്ത് എങ്ങനെയാണ് അഡിഷണൽ സെക്രട്ടറിക്ക് ഇന്ന ഫയലുകളാണ് കത്തിയതെന്ന് പറയാൻ സാധിക്കുന്നതെന്ന് ഇനിയെങ്കിലും മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.