
പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയിൽ ചിറ്റാർ കുടപ്പനക്കുളം സ്വദേശി പി.പി. മത്തായി മരിച്ച സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം ഊർജിതമാക്കി. പത്തനംതിട്ട കേന്ദ്രീകരിച്ച് പ്രത്യേക ഓഫീസ് സംവിധാനങ്ങളോടെയാണ് അന്വേഷണം. പൊതുമരാമത്ത് റസ്റ്റ് ഹൗസിലാണ് ഓഫീസ് . ഡിവൈ.എസ്.പി രൺബീർസിംഗ് ശെഖാവത്തിന്റെ ചുമതലയിലാണ് അന്വേഷണം.
ചിറ്റാർ, കുടപ്പനക്കുളം, അരീക്കക്കാവ് ഭാഗങ്ങളിൽ നിന്ന് മത്തായിയുടെ ബന്ധുക്കൾ, മത്തായിയെ അവസാനമായി കണ്ടയാളുകൾ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മത്തായിയുടെ സുഹൃത്തുക്കളെന്ന് അവകാശപ്പെട്ടു രംഗത്തെത്തിയ രണ്ടുപേർ ഒളിവിൽ പോയതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഇതിലൊരാൾ മത്തായിയെ വനപാലകർ കസ്റ്റഡിയിലെടുക്കുമ്പോൾ ഒപ്പമുണ്ടായിരുന്നയാളാണ്.
കേസിൽ വനപാലകരായ ആറുപേർ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് 16ലേക്കു മാറ്റി. കഴിഞ്ഞ ജൂലായ് 28നാണ് മത്തായിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. 40 ദിവസം കുടുംബം നടത്തിയ സമരത്തിനൊടുവിലാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത്.. രണ്ടാമത്തെ പോസ്റ്റുമോർട്ടം റിപ്പോർട്ട് സി.ബി.ഐ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ലാബ് റിപ്പോർട്ട് അടക്കമാണ് കൈമാറിയിട്ടുള്ളത്. സെപ്തംബർ നാലിന് റീ പോസ്റ്റുമോർട്ടം റിപ്പോർട്ട് കോടതിക്ക് കൈമാറും.