
തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റ് വഴിയുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിൽ അഴിമതി ആരോപിച്ച് മന്ത്രി കെ.ടി ജലീലിനെതിരെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹർജി. മന്ത്രിക്ക് പുറമെ കൺസ്യൂമർ ഫെഡ് ചെയർമാൻ മെഹബൂബ്, മാനേജിംഗ് ഡയറക്ടർ വി.എം.മുഹമ്മദ് റഫീഖ് എന്നിവർക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ കൊല്ലം സ്വദേശി ഹൃദേഷ് ചന്ദ്രനാണ് ഹർജി നൽകിയത്.
മേയ് മാസത്തിൽ യു.എ.ഇ കോൺസുലേറ്റ് മുഖേന ഇറക്കുമതി ചെയ്ത ഭക്ഷ്യക്കിറ്റുകൾ കൺസ്യൂമർ ഫെഡ് വഴി മന്ത്രിയുടെ മണ്ഡലത്തിൽ വിതരണം ചെയ്തതിൽ സ്വജനപക്ഷപാതവും അഴിമതിയും ആരാേപിച്ചാണ് ഹർജി. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അനുമതിയില്ലാതെയാണ് 1000 കിറ്റുകൾ വിതരണം ചെയ്തത്. കൺസ്യൂമർ ഫെഡിന്റെ അധികാരം ദുർവിനിയോഗം ചെയ്തു. ഭക്ഷ്യക്കിറ്റിന്റെ മറവിൽ സ്വർണക്കടത്ത് നടന്നതായും ഹർജിയിൽ ആരോപിച്ചു.