തിരുവനന്തപുരം: ജനറൽ ആശുപത്രിയെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ജനറൽ ആശുപത്രിയിൽ സജ്ജമാക്കിയ കാത്ത് ലാബും കാർഡിയാക് ഐ.സി.യുവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനറൽ ആശുപത്രിയുടെ വികസനം മുൻനിർത്തിയുള്ള മാസ്റ്റർ പ്ലാനിന്റെ ഒന്നാം ഘട്ടമായി 143.06 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. ഔട്ട് പേഷ്യന്റ് ഡിപ്പാർട്ട്‌മെന്റ്, ട്രോമാ ആൻഡ് എമർജൻസി ഡിപ്പാർട്ട്‌മെന്റ്, റേഡിയോളജി, ലാബ്, ബ്ലഡ് ബാങ്ക്, സർവീസ് ബ്ലോക്ക് എന്നിവയാണ് ഒന്നാം ഘട്ട വികസനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ടെക്‌നിക്കൽ കമ്മിറ്റിയ്ക്കുശേഷം സാങ്കേതിക അനുമതിയ്ക്കും സാമ്പത്തികാനുമതിക്കും വേണ്ടി പ്ലാൻ കിഫ്ബിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇത് യാഥാർത്ഥ്യമാകുന്നതോടെ ജനറൽ ആശുപത്രിയിൽ വലിയ മാറ്റം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കാർഡിയോളജി വിഭാഗം മേധാവി ഡോ എസ്. ആർ. അരുൺ റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ കേരളം സ്റ്റേറ്റ് മിഷൻ ഡയറക്ടർ രത്തൻ ഖേൽക്കർ, നഗരസഭ കൗൺസിലർ അഡ്വ. ആർ. സതീഷ്‌കുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്. ഷിനു, ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി. അനിൽ, എൻ.എച്ച്.എം ജില്ലാ പ്രോജക്ട് മാനേജർ ഡോ. പി.വി. അരുൺ എന്നിവർ സംസാരിച്ചു. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ജെ. പത്മലത സ്വാഗതവും ആർ.എം.ഒ ഡോ. എസ്.എസ്. ജോയി നന്ദിയും പറഞ്ഞു.