faisal

തിരുവനന്തപുരം: ദുബായിൽ അറസ്റ്റിലുള്ള ഫൈസൽ ഫരീദിനെ ചോദ്യം ചെയ്‌ത് സ്വർണക്കടത്തിന് പണമൊഴുകിയതിന്റെ വഴികൾ കണ്ടെത്തിയാലേ ഭീകരവിരുദ്ധനിയമം (യു.എ.പി.എ) നിലനിറുത്താൻ എൻ.ഐ.എക്ക് കഴിയൂ.

2019 ജൂലായ് മുതൽ കഴിഞ്ഞ ജൂൺ 30വരെ 23 തവണയായി 230കിലോ സ്വ‌ർണമാണ് നയതന്ത്രചാനലിലൂടെ കടത്തിയത്. ഇതിന് യു.എ.ഇയിലെ വില 104കോടി രൂപയോളമാണ്. ഇത്രയും പണം എങ്ങനെ സമാഹരിച്ചെന്ന അന്വേഷണമാണ് നിർണായകം. ഭീകരബന്ധമുള്ളവരിൽ നിന്ന് പണം സ്വീകരിച്ചും യു.എ.ഇയുടെ വ്യാജരേഖകൾ നിർമ്മിച്ചും സ്വർണം കടത്തിയെന്നാണ് നിഗമനം.

സ്വ‌ർണമടങ്ങിയ ബാഗ് അയച്ചത് ഫൈസൽ ഫരീദ്, പി.ഒ ബോക്സ് 31456, വില്ല-നമ്പർ 5, അൽറാഷിദ, ദുബായ് എന്ന മേൽവിലാസത്തിൽ നിന്നാണ്. യു.എ.ഇയുടെ ഔദ്യോഗികചിഹ്നവും നയതന്ത്ര ബാഗാണെന്ന സ്റ്റിക്കറും എയർവേബില്ലിൽ ഡിപ്ലോമാ​റ്റിക് ബാഗേജ് എന്നും ഉണ്ടായിരുന്നു. ഒരു വ്യക്തിക്ക് നയതന്ത്രചാനലിലൂടെ ബാഗ് അയയ്ക്കാനാവില്ല. അതിന് ആദ്യം വിദേശ മന്ത്രാലയത്തിൽ അറിയിക്കണം. മന്ത്രാലയം വിമാനക്കമ്പനിക്ക് കത്ത് നൽകണം. യു.എ.ഇയുടെ എമിറേറ്റ്‌സ് വിമാനക്കമ്പനിയും അവരുടെ സ്കൈ കാർഗോയുമാണ് നയതന്ത്രബാഗ് കൈകാര്യം ചെയ്തത്. ബിൽ ഒഫ് എൻട്രി പരിശോധിച്ച് 23തവണയും സ്വർണം അയച്ചത് ഫൈസൽ ആണോയെന്നും ബാഗുകളുടെ ഭാരവും കണ്ടെത്തണം.

സ്വർണക്കടത്തിന് യു.എ.ഇയിൽ വൻഗൂഢാലോചന നടത്തിയതായാണ് എൻ.ഐ.എ പറയുന്നത്. എമിറേറ്റ്സ് ഐ.ഡി, പാസ്പോർട്ട് എന്നിവ പരിശോധിച്ചുവേണം ബാഗ് അയച്ചവർക്ക് ഭീകരബന്ധം ഉണ്ടോയെന്ന് കണ്ടെത്താൻ. സ്റ്റീൽ കുഴലുകളിലും ഉപകരണങ്ങളിലും സ്വർണം ഉരുക്കിയൊഴിച്ചതും പായ്ക്ക് ചെയ്തതുമെല്ലാം ദുബായ് കിസൈസിലെ അടഞ്ഞുകിടക്കുന്ന ഗോഡൗണിലാണെന്ന് എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണം ഇഴയുന്നത്

ഫൈസലിനെ വിട്ടുകിട്ടാത്തത് പ്രധാന കാരണം

 സ്കൈ കാർഗോ, എമിറേറ്റ്സ് എയർലൈൻസ്, ദുബായ് വിമാനത്താവള ഉദ്യോഗസ്ഥർ എന്നിവരെ പറ്റി വിമാനത്താവളത്തിലടക്കം എൻ.ഐ.എയുടെ അന്വേഷണത്തെ യു.എ.ഇ അനുകൂലിക്കുന്നില്ല.

 സ്വർണക്കടത്ത് ഫെഡറൽ കുറ്റമാതിനാൽ ദുബായിൽ അറസ്റ്റിലായ ഫൈസൽഫരീദിനെ അബുദാബി പൊലീസിന് കൈമാറുന്നതടക്കമുള്ള ആശയക്കുഴപ്പം

 സാദ്ധ്യത

പാസ്പോർട്ട് റദ്ദാക്കി, ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഫൈസലിനെ വിട്ടുകിട്ടാൻ ഇന്ത്യ സമ്മർദ്ദം ചെലുത്തണം. യു. എയിലെ നടപടികൾ പൂർത്തിയായാൽ ഫൈസലിനെ നാടുകടത്തിയേക്കും.