kerala-bank

തിരുവനന്തപുരം: ആയിരം കോടി രൂപയുടെ വായ്പാ പദ്ധതിയിലൂടെ കേരള ബാങ്ക് 17000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നബാർഡ് പ്രഖ്യാപിച്ച ഭക്ഷ്യ സംസ്‌കരണ വ്യവസായ വായ്പാ പദ്ധതി, കാർഷിക അനുബന്ധ വ്യവസായങ്ങൾക്കുള്ള ഫണ്ട്, പാക്സ് മുഖേനയുള്ള മൾട്ടി സർവീസ് സെന്റർ എന്നീ മേഖലകളിൽ പദ്ധതി തയ്യാറാക്കി വരുന്നതായി അദ്ദേഹം വ്യക്തമാക്കി.

1500 മൈക്രോ എ.ടി.എമ്മുകൾ ഉടൻ പ്രവർത്തന സജ്ജമാകും. റിക്കവറി നടപടികൾ ലഘൂകരിക്കുന്നതിനായി ആകർഷകമായ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം നവംബറിലാണ് കേരളബാങ്ക് തുടങ്ങിയത്. അന്നുമുതലുള്ള നാല് മാസത്തെ വരവ് ചെലവ് കണക്കുകൾ മന്ത്രി പ്രസിദ്ധീകരിച്ചു. 374.75 കോടി രൂപയുടെ പ്രവർത്തന ലാഭം നേടി.

13 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണബാങ്കും യോജിപ്പിച്ചാണ് കേരളബാങ്കുണ്ടാക്കിയത്. ഇതുകാരണം 1150.75 കോടി നഷ്ടമുണ്ടായി. പ്രവർത്തനലാഭമായി കിട്ടിയ 374.75 കോടി കൊണ്ട് ഇത് 776 കോടി രൂപയായി കുറയ്ക്കാനായി.

കോവിഡ് പ്രതിസന്ധി മൂലം വായ്പാതിരിച്ചടവ് കുറഞ്ഞത് നിഷ്‌ക്രിയ ആസ്തി വർദ്ധിക്കുന്നതിന് കാരണമായി. 1524.54 കോടി രൂപ കരുതൽ ധനമായുണ്ട്. നിക്ഷേപത്തിൽ 1525.8 കോടി രൂപയുടെയും വായ്പയിൽ 2026.40 കോടി രൂപയുടെയും വർദ്ധനവുണ്ടായി.

ബാങ്ക് ചെയർപേഴ്സൺ മിനി ആന്റണി, സി.ഇ.ഒ. രാജൻ പി.എസ്, ചീഫ് ജനറൽ മാനേജർ കെ.സി.സഹദേവൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.