
കൊല്ലം: ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തിൽ കൊല്ലത്ത് ആരംഭിച്ച സംസ്ഥാനത്തെ ആദ്യ ഓപ്പൺ സർവകലാശാലയെ തുടക്കത്തിലേ നിയമക്കുരുക്കിൽപ്പെടുത്താൻ നീക്കം.അറുപതു വയസിൽ കൂടുതലുള്ളവരെ പ്രോ വൈസ് ചാൻസലറായി നിയമിക്കാൻ പാടില്ലെന്നാണ് സർവകലാശാലാ നിയമത്തിലുള്ളത്. ആദ്യ പി.വി.സിയെ സർക്കാരിന് നിയമിക്കാമെങ്കിലും, നിയമം മറികടക്കാനാവില്ല. അറുപത് വയസിൽ കൂടാത്ത, പ്രൊഫസറായിരിക്കണം പി.വി.സിയെന്നാണ് യു.ജി.സി ചട്ടം. എന്നാൽ, വിരമിച്ച ശേഷം കരാർ നിയമനം നേടിയ പ്രൊഫസറല്ലാത്ത 64 വയസുള്ളയാളെയാണ് ഓപ്പൺ സർവകലാശാലയിലെ പി.വി.സി തസ്തികയിലേക്ക് സർക്കാർ പരിഗണിക്കുന്നത്. ഈ കരാർ തസ്തിക പ്രൊഫസറുടേതിന് തുല്യമല്ല. വി.സി, പി.വി.സി തുടങ്ങിയ സ്റ്റാറ്റ്യൂട്ടറി തസ്തികകളിൽ യു.ജി.സി യോഗ്യതയുള്ളവരെ നിയമിച്ചില്ലെങ്കിൽ സർവകലാശാലയ്ക്ക് യു.ജി.സി അംഗീകാരം ലഭിക്കില്ല. വിദൂരപഠനത്തിന് യു.ജി.സി അംഗീകാരമില്ലെങ്കിൽ കുട്ടികൾ വലയും. നേരത്തേ, യു.ജി.സി അംഗീകാരമില്ലാത്തതിനാൽ നാല് സർവകലാശാലകളിൽ വിദൂരപഠനം നിറുത്തേണ്ടിവന്നിരുന്നു. കേസുണ്ടായാൽ നിയമവിരുദ്ധ നിയമനം റദ്ദാക്കപ്പെടാം.
യോഗ്യതയുള്ള നിരവധി അപേക്ഷകൾ സർക്കാരിന്റെ പരിഗണനയിലിരിക്കെയാണ് തുടക്കത്തിലേ കല്ലുകടിയാവുന്ന തീരുമാനം. കേരള, കലിക്കറ്റ്, എം.ജി, കണ്ണൂർ സർവകലാശാലകളിലെ വിദൂര, പ്രൈവറ്റ് പഠനം ശ്രീനാരായണഗുരു സർവകലാശാലയിലേക്ക് മാറ്റിയിട്ടുണ്ട്. ഈ അദ്ധ്യയന വർഷം മുതൽ പ്രവേശനം ഓപ്പൺ സർവകലാശാലയിലാണ്.
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല: മുബാറക് പാഷ വി.സിയായേക്കും
തിരുവനന്തപുരം: കൊല്ലം ആസ്ഥാനമായുള്ള ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ വൈസ്ചാൻസലറായി ഒമാൻ നാഷണൽ യൂണിവേഴ്സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേണൻസ് ആൻഡ് സ്ട്രാറ്റജിക് പ്ലാനിംഗ് മേധാവി ഡോ.മുബാറക് പാഷയെ നിയമിക്കുന്നത് സർക്കാരിന്റെ പരിഗണനയിൽ. ഇന്നത്തെ മന്ത്രിസഭായോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
സപ്ലൈകോ ഡയറക്ടർ അലി അസ്ഗർ പാഷയുടെ സഹോദരനാണ് മുബാറക് പാഷ. കേരള സർവകലാശാലയിലെ ഫാക്വൽറ്റി ട്രെയിനിംഗ് സെന്റർ ഡയറക്ടർ എസ്.വി. സുധീറിനെ പ്രോ വൈസ് ചാൻസലറായും, കൊല്ലം ടി.കെ.എം കോളേജിലെ മെക്കാനിക്കൽ വിഭാഗം അദ്ധ്യാപകൻ ഡോ.പി.എൻ .ദിലീപിനെ രജിസ്ട്രാറായും പരിഗണിക്കുന്നുണ്ട്.
ശ്രീനാരായണ സർവകലാശാല ഗുരുവിനുള്ള ആദരം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഇരുട്ടിൽ നിന്നു വെളിച്ചത്തിലേക്ക് മലയാളിയെ നയിച്ച നവോത്ഥാന നായകൻ ശ്രീനാരായണഗുരുവിനോടുള്ള ആദരവ് കൂടിയാണ് കൊല്ലത്ത് തുടക്കമിട്ട ശ്രീനാരായണ ഓപ്പൺ സർവകലാശാലയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സാധാരണ കോഴ്സുകൾക്ക് പുറമെ തൊഴിലിധിഷ്ഠിത തൊഴിൽ നൈപുണ്യ കോഴ്സുകളും ഇവിടെ ഉണ്ടാകും.പ്രാദേശിക പഠനകേന്ദ്രങ്ങളും കോൺടാക്ട് ക്ലാസുകളും ഓൺലൈൻ ക്ലാസുകളുമാണ് നടപ്പിലാക്കുന്നത്. കഴിവും യോഗ്യതയും ആഗ്രഹവുമുള്ള മുഴുവനാളുകൾക്കും ഉപരിപഠനം പ്രാപ്യമാക്കാനുള്ള സംവിധാനമാണിത്. ഏതു പ്രായക്കാർക്കും ഏതറിവും ഇവിടെ നേടിയെടുക്കാനാവും. വിദൂരവിദ്യാഭ്യാസമേഖലയിലെ മികച്ച മാതൃകയായി ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയെ വളർത്തിയെടുക്കും.അദ്ദേഹം പറഞ്ഞു.
അടിസ്ഥാന വികസനം അതിവേഗത്തിൽ
കൊവിഡ് ദുരിതകാലത്തും അതിവേഗത്തിൽ അടിസ്ഥാന സൗകര്യവികസന പദ്ധതികൾ നടപ്പാക്കി വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇതിൽ കിഫ്ബിയുടെ പങ്ക് നിർണ്ണായകമാണ്.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രങ്ങളായ 90 സ്കൂളുകൾ നാടിന് സമർപ്പിച്ചു. ആറൻമുള എൻജിനീയറിംഗ് കോളേജിൽ അക്കാദമിക് ബ്ലോക്കും, വടകര, കിടങ്ങൂർ, പത്തനാപുരം കോളേജുകളിൽ വനിതാഹോസ്റ്റലുകളും നിർമ്മിച്ചു. കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ കല്ലാടി മേപ്പാടി തുരങ്കപാത പദ്ധതിക്ക് തുടക്കം കുറിച്ചതും തിരുവനന്തപുരം നഗരസഭയിലെ മൾട്ടിലെവൽ കാർ പാർക്കിംഗ് സംവിധാനങ്ങളും 75 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയതും ഇതിന്റെ ഭാഗമായാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.