
തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റ് ഇറക്കുമതി ചെയ്ത ഈന്തപ്പഴം അനാഥാലയങ്ങളിലെയും സ്പെഷ്യൽ സ്കൂളുകളിലെയും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമായിരുന്നുവെന്ന് അന്നത്തെ സാമൂഹിക നീതി ഡയറക്ടർ ടി.വി. അനുപമ കസ്റ്റംസിന് മൊഴി നൽകി.
ഈന്തപ്പഴം വിതരണത്തിന്റെ ഉദ്ഘാടന ദിവസം രാവിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് വാക്കാലുള്ള നിർദ്ദേശം നൽകിയത്. കോൺസുലേറ്റുമായി കരാറോ ധാരണയോ ഉണ്ടായിരുന്നില്ല. ജില്ലകളിൽ വിതരണം ചെയ്തതിന്റെ രേഖകളും അനുപമ കസ്റ്റംസിന് കൈമാറി.
നികുതി ഒഴിവാക്കി നയതന്ത്ര ചാനലിലൂടെ ഇറക്കുമതി ചെയ്ത ഈന്തപ്പഴം കോൺസുലേറ്റിന്റെ ആവശ്യത്തിനല്ലാതെ പുറത്ത് വിതരണം ചെയ്തതിൽ കസ്റ്റംസ് കേസെടുത്തിട്ടുണ്ട്. 2017ൽ യു.എ.ഇ വാർഷികദിനത്തോടനുബന്ധിച്ച് 17,000 കിലോ ഈന്തപ്പഴമാണ് കേരളത്തിലെത്തിച്ചത്. 250 ഗ്രാം വച്ച് 40,000 കുട്ടികൾക്ക് നൽകുന്നതിനാണെന്നാണ് കോൺസുലേറ്റ് വ്യക്തമാക്കിയിരുന്നത്. 2017 മേയിൽ കോൺസുൽ ജനറലും സ്വപ്നയും പങ്കെടുത്ത മുഖ്യമന്ത്രിയുടെ ചേംബറിലെ ചടങ്ങിൽ മുഖ്യമന്ത്രിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പൂജപ്പുര ചിൽഡ്രൻസ് ഹോമിലേതടക്കം വിദ്യാർഥികൾക്ക് ഈന്തപ്പഴം നൽകിയായിരുന്നു ഉദ്ഘാടനം. യു.എ.ഇ ഭരണാധികാരിയുടെ സമ്മാനാണിതെന്നാണ് അന്ന് സ്വപ്നയും സംഘവും മാദ്ധ്യമങ്ങളിൽ വാർത്ത നൽകിയത്.
9000കിലോഗ്രാം ഈന്തപ്പഴം വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തതായാണ് രേഖകൾ. ശേഷിച്ച 8000കിലോഗ്രാം ആർക്കൊക്കെ നൽകിയെന്ന് വ്യക്തമല്ല. സംസ്ഥാനത്തെ പല വിഐപികൾക്കും കോൺസുലേറ്റിലെത്തിയ വിശിഷ്ടാതിഥികൾക്കും മുന്തിയ ഇനം ഈന്തപ്പഴം എത്തിച്ചിരുന്നു. .
കൊച്ചി തുറമുഖത്തു കണ്ടെയ്നറിലെത്തിയ ഈന്തപ്പഴം വാങ്ങാൻ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും നേരിട്ടെത്തിയെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. സെക്രട്ടേറിയറ്റിലെ ഉന്നതർക്കും തലസ്ഥാനത്തെ ചില പൊലീസ് ഉദ്യോഗസ്ഥർക്കും ഈന്തപ്പഴം വിതരണം ചെയ്തു.. ഈന്തപ്പഴം ഇറക്കുമതിയുടെ മറവിലും സ്വർണം കടത്തിയിട്ടുണ്ടോയെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ 30 കിലോഗ്രാം സ്വർണം പിടിച്ച ബാഗിലും ഈന്തപ്പഴമുണ്ടായിരുന്നു.