bjp

തിരുവനന്തപുരം: പരാജയഭീതിയിൽ തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സർക്കാരും സി.പി.എം നേതൃത്വവും വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തുന്നുവെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ ആരോപിച്ചു.

തങ്ങൾക്ക് കിട്ടാത്തവോട്ടുകളെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താതിരിക്കാനുള്ള ഗൂഢനീക്കമാണ്.

തിരുവനന്തപുരം മുതൽ കാസർകോടുവരെ ക്രമക്കേടു നടന്നതായും ബി. ജെ. പി തെരഞ്ഞെടുപ്പ് കമ്മിഷന് തെളിവുകൾ സഹിതം പരാതി നൽകിയതായും സുധീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഹിയറിംഗിൽ ശരിയായ രേഖകൾ ഹാജരാക്കിയ ബി.ജെ.പി പ്രവർത്തകർ, കുടുംബാംഗങ്ങൾ, അനുഭാവികൾ എന്നിവരെ വോട്ടർപട്ടികയിൽ പരമാവധി ഒഴിവാക്കി. ആറ്റിങ്ങലിൽ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താൻ നഗരസഭ സെക്രട്ടറിയുടെ ഒപ്പ് വാങ്ങി കൊടുത്ത 36 അപേക്ഷകർ പട്ടികയിൽ ഇല്ല. ബി.ജെ.പി നേതാക്കൾ സെക്രട്ടറിയെ സമീപിച്ച് ഫയലുകൾ പരിശോധിച്ചപ്പോൾ രേഖകൾ സഹിതമുള്ള നിരവധി അപേക്ഷകൾ ഉദ്യോഗസ്ഥർ മാറ്റി വച്ചത് കണ്ടു. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാമെന്ന് നഗരസഭാ സെക്രട്ടറി എഴുതി നൽകി രേഖകളുമായി ഹിയറിംഗിന് വന്നവരെ പോലും ചേർത്തില്ലെന്ന് സെക്രട്ടറി സമ്മതിച്ചു. അർഹതയുള്ളവരെ ഉൾപ്പെടുത്തിയും അർഹരല്ലാത്തവരെ ഒഴിവാക്കിയും പുതിയ വോട്ടർപട്ടിക ശുദ്ധീകരിക്കണമെന്ന് പി. സുധീർ ആവശ്യപ്പെട്ടു.