
തിരുവനന്തപുരം: ഐ ഫോൺ വിവാദത്തിൽ തനിക്കെതിരെ കോടിയേരി ബാലകൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് സമൂഹത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. താൻ വാങ്ങാത്ത ഐ ഫോണിന്റെ പേരിൽ തന്നെ പൊതുസമൂഹത്തിന് മുന്നിൽ ആക്ഷേപിക്കാനുള്ള സി.പി.എമ്മിന്റെ ഗൂഢശ്രമമാണ് സന്തോഷ് ഈപ്പൻ വിജിലൻസിന് നൽകിയ മൊഴിയിലൂടെ പൊളിഞ്ഞതെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
യു.എ.ഇ കോൺസുലേറ്റിന്റെ ക്ഷണം സ്വീകരിച്ച് ഒരു പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിലാണ് താൻ ഐ ഫോൺ പാരിതോഷികമായി സ്വീകരിച്ചു എന്ന പ്രചരണമുണ്ടായത്. തനിക്ക് അവമതിപ്പുണ്ടാക്കാൻ ശ്രമിച്ചവർക്കെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല കുറിപ്പിൽ പറഞ്ഞു.