covid

തിരുവനന്തപുരം : കൊവിഡ്‌ വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന് എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കെ, അത്യാവശ്യത്തിനല്ലാതെ ആരും വീടുകൾക്ക് പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സാമൂഹ്യ ജാഗ്രതയിലെ പിഴവാണ് കഴിഞ്ഞമാസം രോഗികളുടെ എണ്ണം വർദ്ധിക്കാൻ കാരണമായത്. നിരോധനാജ്ഞ കർശനമായി നടപ്പാക്കാൻ പൊലീസിന് നിർദ്ദേശം നൽകി.എപ്പിഡമിക് ഡിസീസ് ഓർഡിനസ് പ്രകാരമുള്ള കുറ്റകൃത്യങ്ങളുടെ പിഴത്തുക വർദ്ധിപ്പിക്കുന്ന കാര്യം സർക്കാരിൻെറ പരിഗണനയിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

റോഡുകളിലും ബീച്ചുകളിലും പാർക്കുകളിലും മറ്റു തുറന്ന സ്ഥലങ്ങളിലും അഞ്ചു പേരിലധികം കൂട്ടംകൂടരുത്. ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലും ആൾക്കൂട്ടം ഒഴിവാക്കണം. ചില ബാങ്കുകളിൽ കസ്റ്റമർ അക്കൗണ്ട് നമ്പരിന്റെ അവസാന അക്കമനുസരിച്ചുള്ള സേവനങ്ങൾ മറ്റുള്ളരും മാതൃകയാക്കണം. വിസ്തീർണ്ണമുള്ള വലിയ കടകകളിൽ ഒരേ സമയം അഞ്ചു പേരിൽ കൂടുതൽ പേരെ പ്രവേശിപ്പിക്കാം. മറ്റുള്ളവർ കടകൾക്കു പുറത്ത് അടയാളപ്പെടുത്തിയ സ്ഥലത്ത് വരിയായി കാത്തുനിൽക്കണം. കണ്ടെയിൻമെന്റ് സോണിൽ കൂട്ടംകൂടലുകളും അനാവശ്യ യാത്രകളും ഒഴിവാക്കണം. സൂപ്പർ മാർക്കറ്റുകളിലും വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും കൈയ്യുറയോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ സാധനങ്ങൾ എടുത്തു നോക്കരുത്.

മറ്റു ക്രമീകരണങ്ങൾ

ആരാധനാസ്ഥലങ്ങളിൽ പ്രവേശനം പരമാവധി 20 പേർക്ക്

ചെറിയ ആരാധനാലയങ്ങളിൽ എണ്ണം കുറയ്ക്കണം.

കെട്ടിട, റോഡ് നിർമ്മാണ, വൈദ്യുതീകരണ ജോലികൾക്ക് അത്യാവശം ജീവനക്കാർ

ഒക്ടോബർ രണ്ടിനു മുൻപ് തീയതി തീരുമാനിച്ച പരീക്ഷകൾ നടത്താം.

വിദ്യാർത്ഥികൾ പരീക്ഷകൾക്കെത്തുന്നതിനു നിരോധനമില്ല.

പരീക്ഷാ കേന്ദ്രത്തിനു സമീപത്ത് മാതാപിതാക്കളെയും, അദ്ധ്യാപകരെയും മറ്റും കൂടി നില്ക്കാൻ അനുവദിക്കില്ല.

സ്വകാര്യവാഹനങ്ങളിൽ അഞ്ചുപേരിൽ കൂടുതൽ ഒരുമിച്ചു യാത്ര ചെയ്യരുത്

പൊതുഗതാഗതത്തിൽ യാത്രക്കാരും ജീവനക്കാരും മുൻകരുതലെടുക്കണം.

ഫാക്ടറികൾക്കും മറ്റ് നിർമ്മാണ സ്ഥാപനങ്ങൾക്കും മുഴുവൻ ജീവനക്കാരെയും ജോലിക്ക് നിയോഗിക്കാം.

സ്വകാര്യ ക്ലിനിക്കുകൾക്കും ഡിസ്‌പെൻസറികൾക്കും തുറന്നുപ്രവർത്തിക്കാം.

ഫിസിയോതെറാപ്പി കേന്ദ്രങ്ങൾ, ഡെൻറൽ ക്ലിനിക്കുകൾ, ഹോമിയോ, ആയുർവേദ ക്ലിനിക്കുകൾ തുറക്കാം.