
പാറശാല: റോഡ് വികസനത്തിനായി ഒരു കോടി രൂപ അനുവദിക്കുകയും കരാറുകാരൻ നിർമ്മാണം ആരംഭിക്കുകയും ചെയ്തെങ്കിലും പാതിവഴിയിൽ നിർമ്മാണം നിലച്ച അവസ്ഥയിലാണ് ഇപ്പോൾ ചെങ്കൽ ഗ്രാമപഞ്ചായത്തിലെ ഉദിയൻകുളങ്ങര വാർഡിലെ ആറയൂർ-അലത്തറവിളാകം ചാനൽ ബണ്ട് റോഡ്. കരാറുകാരൻ പണി ഉപേക്ഷിച്ചതാണ് റോഡിന്റെ ശോച്യാവസ്ഥയ്ക്ക് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ആറയൂരിലെ അലത്തറവിളാകം കോളനിയിലേക്ക് ചാനലിന്റെ കരയിലൂടെ ഉള്ള റോഡിൽ 400 മീറ്ററോളം ദൂരത്തിൽ വീതി കൂട്ടി കനാൽ ബണ്ട് റോഡ് നിർമ്മിക്കുന്നതിനായി ഒരു കോടി രൂപയുടെ പദ്ധതിയാണ് തയാറാക്കിയിരുന്നത്. കനാലിനുള്ളിൽ ഒരു വശത്തായി കോൺക്രീറ്റ് ഭിത്തി നിർമ്മിച്ച് റോഡിന്റെ വീതി കൂട്ടുന്നതാണ് പദ്ധതി. 2012ൽ മുൻ എം.എൽ.എയുടെ എസ്.സി ഫണ്ടിൽ നിന്നാണ് ഫണ്ട് അനുവദിച്ചത് പദ്ധതി ഏറ്റെടുത്ത കരാറുകാരൻ നൂറ് മീറ്ററോളം പണി നടത്തി എങ്കിലും പിന്നീട് നിർമ്മാണത്തിലെ അപാകതകളിൽ പ്രതിഷേധങ്ങൾ ഉണ്ടായതോടെ നിർമ്മാണം തടസപ്പെട്ടു.
അവശിഷ്ടങ്ങൾ കനാലിലേക്ക്
കരാറുകാരൻ റോഡ് പണിയുടെ അവശിഷ്ടങ്ങൾ കനാലിൽ ഉപേക്ഷിച്ചിട്ട് പോയത് കാരണം കഴിഞ്ഞ അഞ്ച് വർഷമായി ഇതുവഴിയുള്ള ജലവിതരണം മുടങ്ങിയ നിലയിലാണ്. മാത്രമല്ല കനാൽ ഇഴജന്തുക്കളുടെ കേന്ദ്രമായത് കാരണം പരിസര വാസികൾക്ക് ഭീഷണിയായും മാറിയിട്ടുണ്ട്. കനാലിൽ ഭിത്തി നിർമ്മിക്കുന്നതിനായി സ്ഥാപിച്ചിരുന്ന കമ്പികൾ മറ്റൊരു ഭീഷണിയായും അവശേഷിക്കുന്നുണ്ട്. പ്രദേശത്തേക്ക് എത്തുവാനുള്ള ഏക വഴിയാണ് കരാറുകാരന്റെ അനാസ്ഥ കാരണം പ്രദേശവാസികൾക്ക് ബുദ്ധിമുട്ടായി മാറിയിട്ടുള്ളത്. പദ്ധതിയുടെ പൂർത്തീകരണത്തിനായി സർക്കാർ അടിയന്തിര നടപടികൾ നടപ്പിലാക്കണമെന്നതുമാണ് നാട്ടുകാരുടെ ആവശ്യം.