janatha

തിരുവനന്തപുരം: യാത്രക്കാർക്ക് എവിടെയും സ്റ്റോപ്പ് അനുവദിക്കുന്ന 'ജനത' എന്ന അൺലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസ് പൊല്ലാപ്പാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരെ ഉപദേശിച്ചു. 'ജനത'യുടെ ലോഗോ പ്രകാശിപ്പിച്ച ചടങ്ങിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 'വലിയപൊല്ലാപ്പ് തലയിൽ എടുത്ത് വയ്ക്കുകയാണ്. കേരളത്തിന്റെ പൊതുഗതാഗത സംവിധാനത്തിൽ ആകെ വലിയപ്രശ്നംവരും. പ്രൈവറ്റ് ബസുകൾക്കെല്ലാം തോന്നിയതുപോലെ നിർത്തേണ്ട അവസ്ഥവരും. പദ്ധതി ഉദ്ഘാടനം ചെയ്യാം. പക്ഷേ നല്ലതുപോലെ ആലോചിച്ച് നടപ്പാക്കിയാൽ മതി' മുഖ്യമന്ത്രി പറഞ്ഞു. ഓർഡിനറി ബസുകൾ അംഗീകൃത സ്‌റ്റോപ്പുകളിൽ നിർത്തണമെന്നാണ് നിയമം. ഇത് തെറ്റിച്ച് കൂടുതൽ സ്റ്റോപ്പ് നൽകുന്നതിനെ തുടർന്നുണ്ടാകാനിടയുള്ള പ്രശ്നങ്ങളാണ് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചത്‌.

പദ്ധതി പ്രഖ്യാപിച്ചപ്പോൾ തന്നെ ഇക്കാര്യം കെ.എസ്.ടി എംപ്ലോയീസ് യൂണിയൻ എം.ഡിക്കു നൽകിയ കത്തിലൂടെ സൂചിപ്പിച്ചിരുന്നു. ബസിന്റെ പേര് നി‌ർദേശിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ഫേസ്ബുക്കിൽ കുറിപ്പിട്ടപ്പോൾ കമന്റുകളുടെ കൂട്ടത്തിൽ അടിക്കടി നിറുത്തേണ്ടിവരുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് യാത്രക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇത്തരം ബസ് സർവീസുകൾ വലിയ നേട്ടമായിട്ടാണ് മാനേജ്മെന്റ് കാണുന്നത്.