തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ നിന്ന് മൃതദേഹം മാറി നൽകിയ സംഭവത്തിൽ മോർച്ചറി ജീവനക്കാരായ നാലുപേർക്കെതിരെ നടപടി ഉണ്ടായേക്കും. കഴിഞ്ഞ ദിവസമാണ് ആർ.എം.ഒ ഡോ. മോഹൻ റോയി അന്വേഷണ റിപ്പോർട്ട് പ്രിൻസിപ്പൽ ഡോ. സാറ വർഗീസിന് സമർപ്പിച്ചത്. ഇതിൽ നാലുപേർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്‌തിട്ടുണ്ടെന്നാണ് സൂചന. മൃതദേഹത്തിന്റെ ടാഗ് പരിശോധിക്കാതെ നൽകിയതാണ് വീഴ്ചയുണ്ടാകാൻ കാരണമെന്നാണ് വിലയിരുത്തൽ. ഇക്കാര്യത്തിൽ പ്രിൻസിപ്പൽ ഇന്നോ നാളെയോ തീരുമാനമെടുക്കുമെന്നാണ് വിവരം. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച വെങ്ങാനൂർ വെണ്ണിയൂർ സ്വദേശി ദേവരാജന്റെ (57) മൃതദേഹത്തിന് പകരം അജ്ഞാതന്റെ മൃതദേഹമാണ് ബന്ധുക്കൾക്ക് നൽകിയത്. ഒക്ടോബർ ഒന്നിനാണ് ദേവരാജൻ മരിച്ചത്. 2ന് മൃതദേഹം വിട്ടുനൽകി. സംസ്‌കാരം നടത്തിയ ശേഷമാണ് മൃതദേഹം മാറിയ വിവരം ആശുപത്രി അധികൃതരും ബന്ധുക്കളും അറിയുന്നത്.