raja

തിരുവനന്തപുരം: ചിത്ര, ശില്പകലാ രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിയവർക്ക് സംസ്ഥാന സർക്കാർ നൽകുന്ന രാജാ രവിവർമ്മ പുരസ്‌കാരത്തിന് പാരീസ് വിശ്വനാഥനും ബി. ഡി. ദത്തനും അർഹരായി. മൂന്ന് ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 2018 ലെ രാജാ രവിവർമ്മ പുരസ്‌കാരമാണ് പാരീസ് വിശ്വനാഥന് നൽകുന്നത്. 2019 ലെ പുരസ്‌കാരമാണ് ബി. ഡി. ദത്തന്.
ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, കലാരംഗത്തെ പ്രശസ്തരായ കെ.കെ. മാരാർ, അജയകുമാർ, അനില ജേക്കബ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്.

കേരള ലളിതകലാ അക്കാഡമി അവാർഡ് ഏഴ് പ്രാവശ്യം നേടിയിട്ടുള്ള ബി‌.ഡി. ദത്തന് അക്കാഡമി ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും വിദേശ രാജ്യങ്ങളിലും ചിത്രശേഖരങ്ങളുണ്ട്.

പാരീസ് വിശ്വനാഥന് ലളിതകലാ അക്കാഡമിയുടെ കെ.സി.എസ്. പണിക്കർ പുരസ്‌കാരം നേരത്തെ ലഭിച്ചിട്ടുണ്ട്. ചോളമണ്ഡലം ആർട്ടിസ്റ്റിസ് വില്ലേജിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ്.
അഞ്ച് ദശാബ്ദക്കാലമായി പാരീസിലാണ് സർഗപ്രവർത്തനം.