pinarayi-vijayan

തിരുവനന്തപുരം: കേന്ദ്രം പ്രഖ്യാപിച്ച അൺലോക്ക് നടപടികളെ അവഗണിക്കാനാവില്ലെങ്കിലും, സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കണമെന്ന സർവ്വകക്ഷി യോഗത്തിലെ ധാരണയനുസരിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്. വ്യാപനം നിയന്ത്രിക്കാൻ കഴിയുന്ന മുറയ്ക്ക് കൂടുതൽ ഇളവുകൾ പരിഗണിക്കും.

അത്യാവശ്യകാര്യങ്ങൾക്കല്ലാതെ വീടിന് പുറത്തിറങ്ങരുതെന്ന നിർദ്ദേശം ജനങ്ങൾ പാലിച്ചില്ലെങ്കിൽ കർശനമായി നടപ്പാക്കുന്നത് ആലോചിക്കും.

കൊവിഡ് കാലം പരിഗണിച്ച് റവന്യു റിക്കവറി,ജപ്തി നടപടികൾ, തിരിച്ചടവിന് നിർബന്ധിച്ചുള്ള സമ്മർദ്ദ നടപടികൾ,സ്വകാര്യപണമിടപാട് സ്ഥാപനങ്ങളുടെ ഭീഷണികളും ബലമായി വായ്പ തിരിച്ചുവാങ്ങലിനുമുള്ള നടപടികൾ എന്നിവ നിറുത്തിവയ്ക്കണമെന്നാണ് സർക്കാർ നിലപാട്. അത് തുടർന്നാൽ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടിവരും..കൊവിഡ് വാക്സിൻ സംബന്ധിച്ച് കേന്ദ്രസർക്കാരിൽ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. വൈകുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.