
തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ ഹാബിറ്റാറ്റ് മേധാവി ജി. ശങ്കറിന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. പൂജപ്പുര ഓഫീസിലേക്ക് വിളിച്ചുവരുത്തി ഡിവൈ.എസ്.പി അനിൽകുമാറാണ് മൊഴിയെടുത്തത്. ലൈഫ് മിഷനും റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിടും മുൻപ് വടക്കാഞ്ചേരി ഭവനപദ്ധതിക്ക് ഹാബിറ്റാറ്റിനെ ചുമതലപ്പെടുത്തിയിരുന്നു. 15കോടി യു.എ.ഇ സഹായമുള്ള ഭവനനിർമ്മാണപദ്ധതിക്ക് പ്ലാനുണ്ടാക്കണമെന്ന് 2019ഏപിൽ 30ന് ഹാബിറ്റാറ്രിന് ലൈഫ് മിഷൻ കത്തുനൽകിയിരുന്നു. സർക്കാരിന്റെ ഏജൻസി ലൈഫ് മിഷനാണെന്നാണ് കത്തിലുള്ളത്. ഹാബിറ്റാറ്റിന്റെ 27.5കോടി എസ്റ്റിമേറ്റ് മാറ്റി 15കോടിയുടെ പുതിയ എസ്റ്റിമേറ്റ് നൽകണമെന്നും കാട്ടി 2019ഓഗസ്റ്റ്18ന് രണ്ടാമത്തെ കത്ത് നൽകി. ഹാബിറ്റാറ്റിന് ഭരണാനുമതി നൽകിയ പദ്ധതി യൂണിടാകിന് കിട്ടിയതെങ്ങനെയെന്നും പണംമുടക്കുന്നവർ പോലുമറിയാതെ യൂണിടാകിനെ ആരാണ് കൊണ്ടുവന്നതെന്നും ദുരൂഹമാണെന്നാണ് സിബിഐ നിലപാട്. ഇതിനിടയിലാണ് വിജിലൻസ് തിരക്കിട്ട് ശങ്കറിന്റെ മൊഴിയെടുത്തത്.