
കുളത്തൂർ : വെള്ളയമ്പലത്തെ സാംസ്കാരിക ഇടനാഴിയായ മാനവീയം വീഥിയുടെ മാതൃകയിൽ കാര്യവട്ടം കാമ്പസിന് സമീപം നിർമ്മാണം പുരോഗമിക്കുന്ന സാംസ്കാരിക ഇടനാഴിയായ 'അക്ഷരവീഥി" ഐ.ടി നഗരത്തിന്റെ സാംസ്കാരിക മുഖമായി മാറും. കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസും ടെക്നോപാർക്കും അതിർത്തി പങ്കിട്ട് ചരിത്ര പ്രസിദ്ധമായ തൃപ്പാദപുരം ക്ഷേത്രത്തിന് മുന്നിലൂടെ കുളത്തൂർ അരശുംമൂട് ജംഗ്‌ഷൻ വരെ 2 .8 കിലോമീറ്റർ നീളത്തിൽ നിലവിലെ റോഡ് ആദ്യഘട്ടമായി 5 കോടി മുടക്കി നവീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
കാര്യവട്ടം -തൃപ്പാദപുരം-അരശുംമൂട് റോഡിന്റെ ഇരുവശങ്ങളും വീതി കൂട്ടി ഓടയും തറയോടുകൾ പാകിയ നടപ്പാതകളും ഇരിപ്പിടങ്ങളും ബസ്‌ബേകളും നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. ഇതിനായി കാര്യവട്ടം ക്യാമ്പസിന്റെ സ്ഥലമാണ് വിട്ടുനൽകിയത്. ബി.എം ആന്റ് ബി.സി സാങ്കേതിക വിദ്യയിൽ മാതൃകാ റോഡാക്കിയാണ് വീഥിയുടെ നവീകരണം നടക്കുന്നത്. പുതുതായി വരുന്ന അക്ഷരവീഥിയക്ക് സമീപത്താണ്
കാമ്പസിലെ വിവിധ ഹോസ്റ്റലുകളും ക്വാർട്ടേഴ്സുകളും ഗസ്റ്റ് ഹൗസുകളും പ്രവർത്തിക്കുന്നത്. ടെക്നോപാർക്കിന്റെ കിഴക്കേ കവാടം മുതൽ കാമ്പസിന്റെ സമീപം വരെയുള്ള ഒരു കിലോമീറ്റർ റോഡ് ഭാഗമാണ് സാംസ്കാരിക ഇടനാഴിയായി മാറ്റുന്നത്.
അക്ഷരവീഥി റോഡ് ആരംഭിക്കുന്ന അമ്പലത്തിൻകരയിൽ പ്രവേശന കവാടവും വീഥിയുടെ ഇരുവശത്തും തണൽ മരങ്ങളും ചെടികളും വച്ചുപിടിപ്പിക്കും. എൽ.ഇ.ഡി സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിക്കും. കൂടാതെ വിദ്യാർത്ഥികളുടെയും കലാകാരന്മാരുടെയും സഹകരണത്തോടെ ചുവർ ചിത്രങ്ങളും മറ്റ് ആർട്ട് വർക്കുകളും ഒരുക്കും. സദാ പച്ചപ്പ് നിറഞ്ഞതും ശാന്തസുന്ദരവുമായ പഴയ വൈദ്യൻകുന്നിന്റെ ഓർമ്മകൾ തുളുമ്പുന്ന ഇവിടം ഒഴിവ് നേരങ്ങളിൽ വന്നിരിക്കാനും വിശ്രമിക്കാനും മാത്രമല്ല സൗഹൃദ കൂടിച്ചേരലുകൾക്കുള്ള വേദിയായും മാറും എന്നതിൽ തർക്കമില്ല. കലയും വിജ്ഞാനവും വിനോദവും സമ്മേളിക്കുന്ന കഴക്കൂട്ടത്തെ സാംസ്കാരിക കേന്ദ്രമായി അക്ഷരവീഥിയെ മാറ്റാനുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
എന്നാൽ, നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് രണ്ടു വർഷം പിന്നിട്ടിട്ടും റോഡ് വീതികൂട്ടലും ടാറിംഗും സൈഡ്‌വാൾ നിർമ്മാണവും ഒഴിച്ചാൽ മറ്റ് പ്രവർത്തനങ്ങൾ ഒന്നും ആരംഭിച്ചിട്ടില്ല. നിർവഹണ ഏജൻസിയായ പൊതുമരാമത്ത് അധികൃതരുടെ മെല്ലെപ്പോക്കും പണികൾ ചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ കൊവിഡിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയതുമാണ് പദ്ധതി അനന്തമായി നീണ്ടുപോകാൻ കാരണം. നടപ്പാതയ്ക്കുള്ള സ്ലാബുകൾ വാർക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. അത് തന്നെ മാസങ്ങളായി തുടരുന്നു.