
തിരുവനന്തപുരം: പോളിടെക്‌നിക് പ്രവേശന നടപടികൾ 8 മുതൽ ആരംഭിക്കും. ഗവ. പോളിടെക്‌നിക്കുകളിലെ മുഴുവൻ സീറ്റിലേക്കും എയ്ഡഡ് പോളിടെക്‌നിക്കുകളിലെ 85 ശതമാനം സീറ്റുകളിലേക്കും, സർക്കാർ നിയന്ത്രിത സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ മുഴുവൻ സീറ്റുകളിലേക്കും, സ്വകാര്യ സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ 50 ശതമാനം സീറ്റുകളിലേക്കുമാണ് ഓൺലൈനായി സംസ്ഥാനാടിസ്ഥാനത്തിൽ പ്രവേശനം നടത്തുക. ഒരു വിദ്യാർത്ഥിക്ക് 30 ഓപ്ഷനുകൾ വരെ നൽകാം. www.polyadmission.org ൽ 19 വരെ അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ഫീസ് ഓൺലൈനായി അടയ്ക്കണം. എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി/ സി.ബി.എസ്.ഇ/ മറ്റ് തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയ കണക്ക്, സയൻസ്, ഇംഗ്ലീഷ് മുതലായ വിഷയങ്ങൾ ഓരോ വിഷയങ്ങളായി പഠിച്ചവർക്ക് എൻജിനിയറിങ് സ്ട്രീമിലേക്കും (സ്ട്രീം. 1) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവർക്ക് നോൺ എൻജിനിയറിങ് സ്ട്രീമിലേക്കും (സ്ട്രീം. 2) അപേക്ഷിക്കാം. ടി.എച്ച്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ പാസായവർക്ക് യഥാക്രമം പത്ത്, രണ്ട് ശതമാനം വീതം റിസർവേഷൻ ഉണ്ട്. വി.എച്ച്.എസ്.ഇ പാസായവർക്ക് ട്രേഡുകൾ അനുസരിച്ചാണ് ബ്രാഞ്ചുകൾ തിരഞ്ഞെടുക്കാൻ സാധിക്കുക.
ഭിന്നശേഷിയുള്ളവർക്ക് (സഞ്ചാരം, കാഴ്ച, കേൾവി വൈകല്യം ഉള്ളവർ) അഞ്ച് ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. തൃപ്രയാർ ശ്രീരാമ ഗവ. പോളിടെക്‌നിക് കോളേജ്, കോട്ടയം ഗവ. പോളിടെക്‌നിക് കോളേജ് എന്നിവിടങ്ങളിൽ ഭിന്നശേഷിയുള്ളവർക്ക് പ്രത്യേക സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. മുന്നാക്ക വിഭാഗക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം അധിക സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്
എൻ.സി.സി/ സ്‌പോർട്‌സ് ക്വോട്ടയിൽ അപേക്ഷിക്കുന്നവർ ഓൺലൈനായി ഫീസടച്ച് അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പ് യഥാക്രമം എൻ.സി.സി ഡയറക്ടറിലേക്കും സ്‌പോർട്‌സ് കൗൺസിലിലേക്കും നൽകണം. എസ്.എസ്.എൽ.സി. ക്ക് ലഭിച്ച മാർക്കിൽ കണക്ക്, സയൻസ് എന്നിവയ്ക്ക് മുൻതൂക്കം നൽകിയാണ് സ്ട്രീം ഒന്നിലേക്കുള്ള സെലക്ഷന്റെ ഇൻഡ്ക്‌സ് സ്‌കോർ നിശ്ചയിക്കുന്നത്. കണക്ക്, ഇംഗ്ലീഷ് എന്നിവയ്ക്ക് മുൻതൂക്കം നൽകിയാണ് സ്ട്രീം രണ്ടിലേക്കുള്ള സെലക്ഷന്റെ ഇൻഡ്ക്‌സ് സ്‌കോർ നിശ്ചയിക്കുന്നത്.
പൊതുവിഭാഗങ്ങൾക്ക് 150 രൂപയും, പട്ടികജാതി/പട്ടിക വർഗ വിഭാഗങ്ങൾക്ക് 75 രൂപയുമാണ് അപേക്ഷാഫീസ്. അഡ്മിഷൻ ഹെല്പ്‌ഡെസ്‌കുകളുടെ സേവനം ഓൺലൈനായി എല്ലാ സ്ഥാപനങ്ങളിലും ലഭിക്കും. ഹെല്പ് ഡെസ്‌ക് നമ്പറുകൾക്ക് www.polyadmission.org.
പ്ലസ് വൺ: ഇന്ന് വൈകിട്ട് നാല് വരെ അപേക്ഷിക്കാം
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള സ്‌പോർട്‌സ്, കമ്മ്യൂണിറ്റി ക്വോട്ടകളിൽ സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ ഇന്ന് വൈകിട്ട് നാല് വരെ സമർപ്പിക്കാം. എസ്.എസ്.എൽ.സി സേ പരീക്ഷ പാസായവർക്കും അപേക്ഷിക്കുന്നതിനായാണ് സമയം നീട്ടിയത്.
ശബരിമലയിൽ ദിവസവേതന ഒഴിവ്
തിരുവനന്തപുരം: മണ്ഡലപൂജ, മകരവിളക്ക് എന്നിവയോടനുബന്ധിച്ച് ശബരിമലയിൽ ദിവസവേതന വ്യവസ്ഥയിൽ ജോലിനോക്കാൻ താത്പര്യമുള്ള 18 നും 60 നും മദ്ധ്യേ പ്രായമുള്ള ഹിന്ദുക്കളായ പുരുഷൻമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾ ദേവസ്വംബോർഡിന്റെ വെബ്സൈറ്റിൽ.19 നകം അപേക്ഷകൾ ലഭിക്കണം.
ഹോട്ടൽ മാനേജ്മെന്റ് ഡിഗ്രി
സർക്കാർ ഫീസിൽ പഠിക്കാം
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ടൂറിസം വകുപ്പിനു കീഴിൽ നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി നടത്തുന്ന ത്രിവത്സര ബി.എസ്സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അവസരം. വയനാട് ലക്കിടിയിലെ ഒാറിയന്റൽ സ്കൂൾ ഒഫ് ഹോട്ടൽ മാനേജ്മെന്റിലാണ് ഗവൺമെന്റ് ഫീസ് നിരക്കിൽ മെറിറ്റ് സീറ്റുകളിൽ അഡ്മിഷൻ സൗകര്യം.
ഇംഗ്ളീഷ് ഒരു വിഷയമായി 50 ശതമാനം മാർക്കോടു കൂടിയ പ്ളസ് ടുവോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. 2020 ജൂലായ് ഒന്നിന് ജനറൽ/ ഇ.ഡബ്ള്യു.എസ്/ ഒ.ബി.സി വിഭാഗങ്ങൾക്ക് 25 വയസും എസ്.സി/ എസ്.ടി/ പി.ഡബ്ള്യു.ഡി വിദ്യാർത്ഥികൾക്ക് 28 വയസും കവിയാൻ പാടില്ല. www.orientalschool.com എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺ ലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷാഫാറം, യോഗ്യതാ പരീക്ഷയുടെ മാർക്ക് ലിസ്റ്റുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ സഹിതം Principal.orientalihm@gmail.com എന്ന വിലാസത്തിൽ ഇ- മെയിൽ അയയ്ക്കുക. യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.
ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കും ജെ.ഇ.ഇ മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്കും ലിസ്റ്റിൽ പേരുണ്ടായിട്ടും ഫീസ് അടയ്ക്കാൻ സാധിക്കാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 894396 8943, 811195 5733 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.