
പെരിന്തൽമണ്ണ: തൂതപ്പുഴയിൽ നിന്നും അനധികൃതമായി പുഴമണൽ കടത്താൻ ഉപയോഗിച്ചിരുന്ന തോണികൾ കൊളത്തൂർ പൊലീസ് പിടികൂടി. വളപുരം അമ്പലക്കടവിൽ നിന്ന് ഒന്നും മൂർക്കനാട് വടക്കുംപുറം കടവിൽ നിന്നും രണ്ടും വീതം തോണികളാണ് പിടിച്ചത്. പുഴയുടെ തുരുത്തുകളിൽ നിന്നും ശേഖരിച്ച മണൽ രാത്രി ഈ തോണികൾ വഴി കടവിലെത്തിച്ച് ചാക്കുകളിലാക്കി ടിപ്പറുകളിൽ കടത്തും. പുലർച്ചെ തോണികൾ പുഴയുടെ മദ്ധ്യത്തിൽ മുക്കി ഭാരമുള്ള വസ്തുക്കൾ കയറ്റി വച്ച് ഒളിപ്പിക്കും. രഹസ്യ അന്വേഷണത്തിൽ ലഭിച്ച സൂചനകളെ തുടർന്ന് കൊളത്തൂർ പൊലീസ് സ്റ്റേഷനിലെ മുങ്ങൽ വിദഗ്ദ്ധരായ പൊലീസുകാർ പുഴയിൽ മുങ്ങി തോണികൾ പുറത്തെടുക്കുകയായിരുന്നു. ഇത്തരം വലിയ തോണികളിൽ രണ്ട് ടിപ്പറുകളിൽ കൊള്ളുന്ന മണൽ എടുക്കാനാകുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ മാസം മൂർക്കനാട് കീഴ്മുറി കടവിൽ നിന്നും സമാനമായ രീതിയിൽ രണ്ടു തോണികൾ കൊളത്തൂർ പൊലീസ് പിടിച്ചെടുത്തിരുന്നു. കൊളത്തൂർ പൊലീസ് ഇൻസ്‌പെക്ടർ പി.എം ഷമീറിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ സത്താർ, മനോജ്, പ്രിയജിത്ത്, രാകേഷ്, സുരേഷ്, ഡ്രൈവർ സുനിൽ, ഹോം ഗാർഡ് പ്രമോദ് എന്നിവരാണ് തോണികൾ പിടിച്ചത്.