d

കിളിമാനൂർ: അൺലോക്ക് നടപടികളുടെ ഭാഗമായി ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനാനുമതി നൽകിയെങ്കിലും വരുമാനത്തിൽ വൻ ഇടിവ്. നിത്യ പൂജയ്ക്കും ജീവനക്കാരുടെ ശമ്പളത്തിനും വൈദ്യുതി ചാർജിനു പോലും പല ക്ഷേത്രങ്ങളിലും വകയില്ല. നീക്കിയിരിപ്പിൽ നിന്ന് ദിവസ ചെലവുകൾ നിർവഹിച്ചിരുന്ന ക്ഷേത്രങ്ങളിൽ അതും തീർന്നതോടെ ഭരണസമിതി അംഗങ്ങളുടെയും വിശ്വാസികളുടെയും ഔദാര്യത്തിലാണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. ദേവസ്വം ബോർഡ്‌, സ്വകാര്യ ട്രസ്റ്റുകാർ, കരക്കാർ, കുടുംബക്കാർ എന്നിവരുടെ വകയായി ചെറുതും വലുതുമായി ഏഴായിരത്തോളം ക്ഷേത്രങ്ങളാണ് ജില്ലയിലുള്ളത്. ലോക്ക് ഡൗണിനു മുമ്പ് വരെ നല്ലൊരു തുക മിച്ചം വന്നിരുന്ന ക്ഷേത്രങ്ങളിൽ കഴിഞ്ഞ ആറു മാസമായി കാൽക്കാശിനു വരുമാനമില്ല. കൊവിഡ് ഭീതിയിൽ ഭക്തരുടെ വരവ് കുറഞ്ഞതാണ് വരുമാനത്തെ പിന്നോട്ടടിച്ചത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം വിഷു, രാമായണ മാസാരംഭം ചിങ്ങപ്പിറവി, ശ്രീകൃഷ്ണ ജയന്തി തുടങ്ങി വിശേഷ ദിനങ്ങളാണ് കടന്നു പോയത്. വിഷുവിന് പോലും ഭക്തർക്കു ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. ചിങ്ങ മാസപ്പിറവിയോടെയാണ് നിയന്ത്രണ വിധേയമായി ഭക്തരെ പ്രവേശിപ്പിച്ചത്. ചിങ്ങപ്പുലരിയിലും ഓണ ദിനങ്ങളിലും മിക്ക ക്ഷേത്രങ്ങളിലും ഭക്തർ ദർശനത്തിന് എത്തിയെങ്കിലും തൊഴുതു മടങ്ങിയതല്ലാതെ വഴിപാടുകൾക്കോ വിശേഷാൽ പൂജകൾക്കോ അധികമാരും തയ്യാറായില്ല. കാണിക്കയും നേർച്ചകളും സംഭാവനകളും പൂജാദി കാര്യങ്ങളിലെ വരുമാനവുമാണ് ക്ഷേത്രങ്ങളിലെ ധനാഗമന മാർഗം. കൊവിഡും സാമ്പത്തിക പ്രതിസന്ധിയും വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഭക്തരുടെ സംഭാവനകൾ കുറഞ്ഞതുമെല്ലാം ക്ഷേത്രങ്ങളുടെ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി.

 പടി കടക്കാതെ പ്രായമായവർ

പതിവായി ക്ഷേത്ര ദർശനം നടത്തിയിരുന്ന പ്രായമായവരിൽ പലരും കൊവിഡിനെ ഭയന്നു വീടിനു പുറത്തിറങ്ങുന്നില്ല. പ്രായമായവരാണ് തങ്ങളുടെയും മക്കളുടെയും ചെറു മക്കളുടെയും അഭിവൃദ്ധിക്കായി ക്ഷേത്രങ്ങളിൽ പൂജകൾക്കും വഴിപാടുകൾക്കും ധാരാളം പണം ചെലവഴിക്കുക. വഴിപാടുകളുടെയും പൂജകളുടെയും പണത്തിനു പുറമെ വിശേഷ ദിവസങ്ങളിൽ പൂജാരി, കഴകം, അടിച്ചുതളി എന്നിവർക്ക് ദക്ഷിണയും ഇവർ നല്കാറുണ്ട്. ഇവരുടെ വരവ് നിലച്ചതോടെ ക്ഷേത്രങ്ങളിലെ വരുമാനത്തിൽ ഇടിവുണ്ടായി.

 നേരിടുന്ന പ്രതിസന്ധികൾ

 വിശേഷാൽ പൂജകളും ചടങ്ങുകളും നിലച്ചിട്ട് മാസങ്ങൾ

 പലയിടത്തും പ്രസാദവും വഴിപാട് വിതരണവുമില്ല

 ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ എണ്ണം വളരെ കുറഞ്ഞു

 നവരാത്രി സംഗീതോത്സവവും പൂജവയ്പും ചടങ്ങിലൊതുങ്ങും

 സ്വകാര്യ ട്രസ്റ്റുകളുടെയും കുടുംബക്കാരുടെയും ക്ഷേത്രങ്ങളിൽ
വരുമാനം കുറഞ്ഞതോടെ ജീവനക്കാരുടെയും എണ്ണം കുറച്ചു