kit

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ പൊതുജനങ്ങൾക്ക് താങ്ങായി സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം മിക്ക താലൂക്കുകളിലും നേരത്തെ അറിയിച്ച ദിവസങ്ങളിൽ നടന്നില്ലെന്ന് പരാതി. സാധനങ്ങളുടെ ലഭ്യതക്കുറവും പാക്കിംഗിലുണ്ടാകുന്ന കാലാതാമസവും മൂലം മുൻഗണനവിഭാഗങ്ങൾക്കുള്ള കിറ്റുകൾപോലും റേഷൻ കടകളിലെത്തിക്കാൻ കഴിയാത്തതാണ് കാരണം. 15 ന് പൂർത്തിയാക്കേണ്ട സെപ്തംബറിലെ കിറ്റ് വിതരണം നീട്ടിയേക്കും.

മഞ്ഞ കാർഡുകാർക്കുള്ള കിറ്റ് വിതരണം സെപ്തംബർ അവസാനത്തോടെ പൂർത്തിയാക്കിയെങ്കിലും പിങ്ക് കാർഡുകാർക്കുള്ള വിതരണം ആരംഭിച്ചതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. ചെറുപയർ, കടല തുടങ്ങിയവയുടെ ലഭ്യതക്കുറവാണ് പ്രധാനമായും സപ്ലൈകോയെ വലക്കുന്നത്. നാഫെഡിനെയാണ് സംഭരണത്തിന് ചുമതലപ്പെടുത്തിയിരുന്നതെങ്കിലും നാഫെഡിനും സാധനങ്ങൾ കൃത്യമായി ലഭിക്കാതെ വന്നു. പാക്കിങ്ങിന് മതിയായ ജീവനക്കാരില്ലാത്തതും തലവേദനയായി.
ഇന്നലെ ഏഴ്, എട്ട്, ഒമ്പത് അവസാന അക്കത്തിൽ വരുന്ന കാർഡുടമകൾക്കായിരുന്നു കിറ്റുകൾ നൽകേണ്ടിയിരുന്നത്. എന്നാൽ ,കടകളിലെത്തിയ ഭൂരിഭാഗം കാർഡുകാർക്കും നിരാശയായിരുന്നു ഫലം. കിറ്റിനായി കയറിയിറങ്ങി മടുത്തതോടെ നെയ്യാറ്റിൻകര, നെടുമങ്ങാട്, കാട്ടാക്കട, ആലത്തൂർ, ചെങ്ങന്നൂർ, ആലപ്പുഴ,ചാവക്കാട് മലപ്പുറം, കണ്ണൂർ ഭാഗങ്ങളിൽ കടക്കാരും കാർഡുടമകളും തമ്മിൽ വാക്കേറ്റമുണ്ടായി. കിറ്റുകൾ കടകളിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ കിറ്റുകൾ എത്തിച്ചതായി കാണിച്ച് ഉദ്യോഗസ്ഥർ ഇഫപോസ് മെഷീനിൽ മാറ്റം വരുത്തിയതും പ്രശ്നങ്ങൾക്ക് കാരണമായതായി വ്യാപാരികൾ പറഞ്ഞു.ഇത്തരം ക്രമവിരുദ്ധ നടപടികൾ അവസാനിക്കാൻ ഭക്ഷ്യ മന്ത്രി മുൻകൈ എടുക്കണമെന്ന് ആൾകേരള റീട്ടെയിൽറേഷൻ ഡിലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി ആവശ്യപ്പെട്ടു.