medical-college-tvm

തിരുവനന്തപുരം : മെഡിക്കൽ കോളേജിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ കൊവിഡ് നോഡൽ ഓഫീസർ ഉൾപ്പടെ മൂന്നു പേരെ സ‌സ്‌പെൻഡ് ചെയ്ത നടപടി സർക്കാർ പിൻവലിച്ചു. നോഡൽ ഓഫീസർമാരായ ഡോ.അരുണ, ഹെഡ് നഴ്സുമാരായ ലീന കുഞ്ചൻ, രജനി.കെ.വി എന്നിവരെയാണ് തിരിച്ചെടുക്കാൻ ഉത്തരവായത്. കഴിഞ്ഞ ദിവസം സംഘടനാപ്രതിനിധികളുമായി മന്ത്രി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. അതേസമയം ദാരുണമായ അനുഭവത്തിന് ഇരയായ വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിനെ പരിചരിച്ച 12 ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. ഓർത്തോ വിഭാഗം യൂണിറ്റ് അഞ്ച് മേധാവി ഡോ.സുനിൽകുമാർ.കെ.എസ്, അനിൽകുമാറിനെ ഡിസ്ചാർജ് ചെയ്യുന്നതിന് മുൻപുള്ള മൂന്നു ദിവസം വാർഡിന്റെ

ചുമതലയുണ്ടായിരുന്ന ഹെഡ് നഴ്സുമാർ, സ്റ്റാഫ് നഴ്സുമാർ, നഴ്സിംഗ് അസിസ്റ്ററ്റുമാർ എന്നിവർക്കെതിരെ നടപടി സ്വീകരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ റംലാബീവിയെ ചുമതലപ്പെടുത്തിയതായും വകുപ്പു സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. മൂന്നു ദിവസം രണ്ടുഷിഫ്റ്റുകളിലായി ജോലിനോക്കിയവർ നടപടിയ്ക്ക് വിധേയരാകും. കൊവിഡ് വാർഡായതിനാൽ മൂന്നു ഷിഫ്റ്റ് വരെയുള്ള ദിവസങ്ങളുമുണ്ട്. രോഗീപരിചരണത്തിലെ വീഴ്‌ചകൾ ഉത്തരവിൽ അക്കമിട്ട് നിരത്തുന്നുണ്ട്. സംഭവത്തിൽ പങ്കാളിത്തമില്ലാത്തതിനാൽ ഡോ.അരുണയ്ക്കതിരെ നടപടിയുണ്ടാകില്ല. അതേസമയം കൂടുതൽ ജാഗ്രത പുലർത്തമണെന്ന നിർദേശമുണ്ട്. വാർഡിൽ കിടന്ന രോഗിയെ പുഴവരിച്ചതിൻെറ ഉത്തരവാദിത്വത്തിൽ നിന്ന് ദിവസേന റൗണ്ട്സിന് എത്തിയ ഡോക്ടർമാർ നഴ്സുമാർ രോഗികളുടെ ക്ഷേമത്തിൻെറ ചുമതലയുള്ള ആർ.എം.ഒ ഉൾപ്പെടെയുള്ളവർക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും ഉത്തരവിൽ പറയുന്നു.