തിരുവനന്തപുരം: പേട്ട പൊലീസ് സ്റ്റേഷന് നേരെ പടക്കമെറിഞ്ഞ കേസിലെ മുഖ്യപ്രതി ആനയറ സ്വദേശി പ്രസാദിനെ പിടികൂടാനായില്ല. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചനയെന്ന് പൊലീസ് പറഞ്ഞു. പ്രസാദ് ഉൾപ്പെടെ രണ്ടുപേരെയാണ് ഇനി പിടികൂടാനുള്ളത്. കേസിലെ മറ്റ് അഞ്ച് പ്രതികളെയും ഇവരെ ഒളിവിൽ കഴിയാൻ താമസിച്ചവരെയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റുചെയ്തിരുന്നു. വെള്ളായണി സ്വദേശി രാജേഷ്, നിതേഷ്, തമ്പുരാൻമുക്ക് സ്വദേശി നികേശ് ലാൽ, കടകംപള്ളി സ്വദേശി അനന്തു, രാഹുൽ, ആറ്റിപ്ര സ്വദേശി വിഷ്ണു, തിരുവല്ലം സ്വദേശി സുരേഷ് ബാബു, കുളത്തൂർ സ്വദേശി വിഷ്ണു പ്രസാദ്, പട്ടം സ്വദേശി ഷാഹുൽ ഹമീദ് എന്നിവരെ വർക്കലയിലെ സ്വകാര്യ റിസോർട്ടിൽ നിന്നാണ് പിടികൂടിയത്. ആനയറ സ്വദേശികളായ നിതീഷ്, കുഞ്ഞുണ്ണി, അനീഷ് എന്നിവരെ സംഭവം നടന്നതിന്റെ പിറ്റേദിവസം അറസ്റ്റ് ചെയ്‌തിരുന്നു. ഒന്നാം പ്രതി പ്രസാദാണ് പടക്കമെറിഞ്ഞതെന്നും രണ്ടാം പ്രതി അനീഷാണ് വണ്ടിയോടിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബർ 2ന് രാത്രി 12.50ഓടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ഇവരെ പിടികൂടിയതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളെ റിമാൻഡ് ചെയ്‌തു.