ആലുവ: ജ്വല്ലറിയിൽ നിന്ന് സ്വർണം മാറ്റി വാങ്ങാൻ വന്ന സ്ത്രീ അരപവനിൽ അധികം വരുന്ന മാല മോഷ്ടിച്ച് കടന്നതായി പരാതി. ആലുവ ചൂണ്ടിയിൽ പ്രവർത്തിക്കുന്ന ചന്ദ്രൻസ് ജ്വല്ലറിയിലാണ് മോഷണം നടന്നത്.32 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയാണ് മോഷണം നടത്തിയത്. സി.സി ടി.വിയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിലും തല മൂടിയശേഷം മാസ്‌ക്ക് ധരിച്ചതിനാൽ മുഖം വ്യക്തമല്ല. സ്വന്തം സ്വർണ മാല മാറ്റി പകരം മറ്റൊരു മാല എടുക്കാൻ എന്ന വ്യാജേനയാണ് ഇവർ എത്തിയത്.ജ്വല്ലറി ഉടമയായ ജിമേഷും ജീവനക്കാരിയും കടയിൽ ഉണ്ടായിരുന്നു. പകരം വേണ്ട മാലകൾ തിരയുന്നതിനിടെയാണ് അര പവന്റെ മുകളിൽ തൂക്കം വരുന്ന മാല സ്വന്തം പേഴ്‌സിലേക്കിട്ട് യുവതി കടന്നത്. സംശയം തോന്നി ഉടമ ഉടനെ പുറത്തിറങ്ങി സ്ത്രീയെ തിരഞ്ഞെങ്കിലും അപ്പോഴേക്കും കടന്നുകളഞ്ഞു. എടത്തല പൊലീസിൽ ഉടമ പരാതി നൽകിയിട്ടുണ്ട്.