വെഞ്ഞാറമൂട്: അടൂർ പ്രകാശ് എം.പിക്കെതിരെ ഡി.കെ. മുരളി എം.എൽ.എ വക്കീൽ നോട്ടീസ് അയച്ചു. തന്നെയും മകനെയും സമൂഹമദ്ധ്യത്തിൽ അപകീർത്തിപ്പെടുത്താമെന്ന ഉദ്ദേശ്യത്തോടെ നടത്തിയ പ്രസ്താവന മൂലമുണ്ടായ മാനഹാനിക്ക് നഷ്ടപരിഹാരമായി ഒരു കോടി രൂപ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. വിവിധ ചാനലുകളിൽ നടത്തിയ ചർച്ചകളിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളതെന്ന് നോട്ടീസിൽ പറയുന്നു. പൊതു പ്രവർത്തകൻ എന്ന നിലയിൽ സൽപ്പേരിന് ഭംഗം വരത്തക്ക രീതിയിൽ നടത്തിയ അടിസ്ഥാനരഹിതമായ പ്രസ്താവനകൾ ധാരാളം ആൾക്കാർ ടിവി യിലൂടെ കാണുകയും കേൾക്കുകയും ചെയ്തു. അതിനാൽ തിരുവനന്തപുരത്തു നിന്ന് പ്രസിദ്ധീകരിക്കുന്ന വിവിധ പത്രങ്ങളിലൂടെയും ദൃശ്യ മാദ്ധ്യമങ്ങളിലൂടെയും പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടനം നടത്തണമെന്നും അല്ലാത്തപക്ഷം സിവിൽ, ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിലൂടെ അറിയിച്ചു.