
കിളിമാനൂർ:കിളിമാനൂർ ബ്ലോക്ക് പരിധിയിലെ കാട്ടുംപുറം പ്രാഥമികാരോഗ്യകേന്ദ്രം, ചാലാംകോണം പ്രാഥമിക ആരോഗ്യകേന്ദ്രം എന്നിവ ഇനിമുതൽ കുടുംബാരോഗ്യകേന്ദ്രങ്ങൾ. ജില്ലയിൽ പ്രവർത്തന സജ്ജമായ പുതിയ 12 കുടുംബാരോഗ്യകേന്ദ്രങ്ങളിൽ ഇടംപിടിച്ചാണ് രണ്ട് പ്രാഥമികാരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തപ്പെട്ടത്. ഇരു കുടുംബാരോഗ്യകേന്ദ്രങ്ങളുടെയും പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷത വഹിച്ചു. പുളിമാത്ത് കുടുംബാരോഗ്യകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ബി. സത്യൻ എം.എൽ.എ ശിലാഫലക അനാച്ഛാദനം നടത്തി. പുളിമാത്ത് പഞ്ചായത്ത് പ്രസിഡന്റ് ബി വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. കുടുംബാരോഗ്യകേന്ദ്രത്തിന് എം.എൽ.എ ഫണ്ടിൽ നിന്നു നിർമ്മിച്ച കെട്ടിടം ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്.യഹിയ, കെ. വത്സലകുമാർ തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ.ജയസൂര്യ സ്വാഗതം പറഞ്ഞു. മടവൂർ ചാലാംകോണം കുടുംബാരോഗ്യകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ വി .ജോയി എം.എൽ.എ ശിലാഫലക അനാച്ഛാദനം നിർവഹിച്ചു. മടവൂർ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ ബാലചന്ദ്രൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ആർ .എസ് രജിത, ലീന , സജീന, മോഹൻദാസ്, നവാസ്, ജലജ, ദീപ, രജനി തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ സ്റ്റാൻസി സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. രണ്ട് പി.എച്ച്.സികളും കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തപ്പെട്ടതോടെ ഇനിമുതൽ 3 സ്ഥിരം ഡോക്ടർമാരുടെ സേവനം ഇവിടെ ലഭ്യമാകും. ഒ.പി പ്രവർത്തനം ദിവസവും വൈകിട്ട് 6 വരെ ഉണ്ടാകും. ലാബ്,ഫാർമസി എന്നിവയുടെ സൗകര്യവും ലഭ്യമാകും. സാധാരണ രോഗങ്ങൾക്കുള്ള ചികിത്സയ്ക്ക് പുറമെ ജീവിതശൈലി രോഗ ക്ലിനിക്, വിഷാദരോഗ ചികിത്സയ്ക്കുള്ള ക്ലിനിക്, പാലിയേറ്റീവ് പരിചരണം,സ്ത്രീകൾക്കും പെൺകുട്ടികൾക്കുമുള്ള ചികിത്സ എന്നിവയും ഉണ്ടാകും.