
കൊയിലാണ്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊയിലാണ്ടിയിൽ അരയും തലയും മുറുക്കി ഇറങ്ങുകയാണ് മുന്നണികൾ. ബി.ജെ.പിയും സജീവമായി രംഗത്ത് ഇറങ്ങിയതോടെ ആവേശം കടുത്തു. നഗരസഭയിലെ സംവരണ വാർഡുകളടക്കം നിശ്ചയിച്ചതോടെ ഔദ്യോഗികമായി സ്ഥാനാർത്ഥി നിർണ്ണയവും ആരംഭിക്കും.
44 വാർഡുകളുള്ള നഗരസഭയിൽ പുത്തലത്ത് കുന്ന്, നടേലക്കണ്ടി എന്നിവ എസ്.സി വനിത, കണിയാംകുന്ന് എസ്.സി. ജനറൽ വാർഡുകളാണ്. എസ്.സി. സാന്നിദ്ധ്യം കുറഞ്ഞ ഈ വാർഡുകളിൽ സ്ഥാനാർത്ഥികളെ കണ്ടെത്താൻ ഇരു മുന്നണികളും വിയർക്കും. നഗരസഭയാകും മുൻപ് യു.ഡി.എഫ് കോട്ടയായിരുന്ന കൊയിലാണ്ടി 1995ലാണ് ഇടതുപക്ഷം പിടിച്ചെടുത്തത്. തമ്മിലടിയും പടല പിണക്കങ്ങളും കാരണം യു.ഡി.എഫിന് ഇത് ബാലികേറാ മലയായി.
ഇത്തവണ നഗരസഭാ ചെയർപേഴ്സൺ പദവി സ്ത്രീ സംവരണമാണ്. കെ. ദാസൻ എം.എൽ.എയ്ക്കും ചെയർമാൻ കെ. സത്യനും ഭരണം നിലനിർത്തേണ്ടത് അഭിമാനപ്രശ്നം കൂടിയാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെയും ഇത് ബാധിക്കും. സി.പി.എമ്മിന് അകത്തും പഴയ പ്രതിസന്ധി നീങ്ങിയിട്ടില്ല. മുൻ ഏരിയാ സെക്രട്ടറി എൻ.വി. ബാലൃഷ്ണൻ പരസ്യമായി പാർട്ടിയുടെ നയപരിപാടികളെ നവമാദ്ധ്യമങ്ങളിലൂടെ വിമർശിക്കുന്നുണ്ട്. ഭാര്യയും മുൻ നഗരസഭ അദ്ധ്യക്ഷയുമായ കെ. ശാന്തയും സജീവമല്ല. ഇത് മുതലെടുക്കാനാണ് യു.ഡി.എഫ് ശ്രമം.
കൗൺസിലർമാരായ യു. രാജീവൻ ഡി.സി.സി പ്രസിഡന്റാണ്. ശ്രീജാറാണി ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി. വി.പി ഇബ്രാഹിം കുട്ടി മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റാണ്. അത്കൊണ്ട് തന്നെ ഭരണം കൈക്കലാക്കുക ഇവരുടെയും അഭിമാന പ്രശ്നമാണ്.
നിലവിൽ ബി.ജെ.പിയ്ക്ക് രണ്ട് അംഗങ്ങൾ മാത്രമാണുള്ളത്. കഴിഞ്ഞ തവണ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പന്തലായനി നോർത്തിൽ മത്സരിച്ച യുവമോർച്ച ജില്ലാ സെക്രട്ടറി അഖിൽ രാജ് സംഘടനയ്ക്ക് പുറത്താണ്. മൂന്നാമത് ഒരു സീറ്റു കൂടി നേടാനുള്ള പ്രതീക്ഷയ്ക്ക് വെല്ലുവിളിയാണിത്.