krishi

പേരാമ്പ്ര: മലയോരങ്ങളിൽ കാട്ടുമൃഗശല്യം രൂക്ഷമാവുന്നു. കൊവിഡ് പ്രതിസന്ധി മറികടക്കാൻ കർഷക കൂട്ടായ്മയിൽ ഇറക്കിയ കൃഷിയാണ് കാട്ടുമൃഗങ്ങൾ കൂട്ടത്തോടെ എത്തി നശിപ്പിക്കുന്നത്. ഫോറസ്റ്റ് മേഖലയോട് ചേർന്ന ചെമ്പനോട, മുതുകാട്, ചെങ്കോട്ടക്കൊല്ലി പ്രദേശങ്ങളിലാണ് വന്യജീവി ആക്രമണം നടക്കുന്നത്.

വർഷങ്ങളായി കാട്ടാനകളും കുരങ്ങുകളും ഉൾപ്പെടെ ജനവാസ കേന്ദ്രങ്ങളിലെത്തി കൃഷി നശിപ്പിക്കുന്നത് തെരഞ്ഞെടുപ്പുകളിലും പ്രചരണ വിഷയമാകാറുണ്ട്. കിടങ്ങുകളും വൈദ്യുതി വേലികളുമുൾപ്പെടെ ഒരുക്കാറുണ്ടെങ്കിലും ഇവയെ മറികടന്ന് കാട്ടാനകൾ എത്തും.

വേനൽ കാലങ്ങളിൽ കാട്ടാനകളാണ് ശല്യമെങ്കിൽ മഴക്കാലത്ത് കാട്ടുപന്നി, മുള്ളൻപന്നി, ഉടുമ്പ്, കുരങ്ങ് എന്നിവയാണ് കൃഷിയിടങ്ങളിലെത്തുക.

റബർ, കുരുമുളക്, നാളികേരം, കൊട്ടപ്പാക്ക്‌, കൊക്കോ, ഇഞ്ചി, മഞ്ഞൾ, ചേമ്പ്, ചേന, വിവിധയിനം വാഴകൾ തുടങ്ങി വിവിധ കൃഷികളാണ് മലയോര ജീവിതത്തെ താങ്ങി നിർത്തിയത്. സ്വാശ്രയ സംഘങ്ങളിലൂടെയും കുടുംബശ്രീയിലൂടെയും ഏക്കർ കണക്കിന് സ്ഥലങ്ങളിലാണ് കൃഷി നടത്തിയത്. കൂത്താളി, ചങ്ങരോത്ത്, നടുവണ്ണൂർ, കോട്ടൂർ പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ വരെ കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നതായി പരാതി ഉയർന്നു. വനത്തോട് ചേർന്ന ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട്, ചെമ്പനോട ഭാഗങ്ങളിൽ കാട്ടുപന്നികൾ കൂട്ടമായെത്തി വ്യാപകമായി കൃഷി നശിപ്പിച്ചതു കാരണം വലിയ നാശ നഷ്ടമുണ്ടായി. കൃഷിചെയ്താൽ വിളവെടുക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് കർഷകർ പറഞ്ഞു.

മുതുകാട് താഴെ അങ്ങാടിക്ക് സമീപം കൃഷിയിടത്തിലെത്തിയ പന്നിക്കൂട്ടം കപ്പകൃഷിയുൾപ്പെടെ നശിപ്പിക്കുകയാണ്. ചെമ്പനോട താമരമുക്കിൽ, എടച്ചേരി മേഖലകളിൽ, ചേമ്പ്, ചേന, വാഴ എന്നിവ പന്നികൾ നശിപ്പിച്ചു. അർഹമായ നഷ്ട പരിഹാരം നൽകണമെന്നും ആവശ്യമുയർന്നു.