
കേരളസംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ ആസ്ഥാനത്ത് ഗുരുകുലത്തിലെ പരിശീലന പദ്ധതിയുടെ ഉദ്ഘാടന രംഗം. കേരള ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി ശ്രീമതി ഉഷാ സുകുമാരൻ മുഖ്യാതിഥി. പെൺകുട്ടികൾ നിരനിരയായി ഇരുന്നു മരപ്പണിചെയ്യുന്നു. ശില്പങ്ങൾ ഉണ്ടാക്കുന്നു. ചിലർ കളിമണ്ണിൽ രൂപങ്ങൾ ഉണ്ടാക്കുന്നു. ചിലർ തന്തൂർ അടുപ്പുകൾ ഉണ്ടാക്കുന്നു. ചിലർ ഭിത്തി കെട്ടി പഠിക്കുന്നു. ചിലരാകട്ടെ ഫർണിച്ചർ നിർമിക്കുകയാണ്. അത്ഭുതത്തോടെ ശ്രീമതി ഉഷാ സുകുമാരൻ പറഞ്ഞു.
പെൺകുട്ടികളെക്കൊണ്ട് മരപ്പണിയും കൽപ്പണിയും ചെയ്യാൻ കഴിയുമെന്ന് ആദ്യമായാണ് ഞാൻ മനസിലാക്കുന്നത് ഇതുപോലെ പഴയ തൊഴിലുകൾ പുതിയതലമുറയിൽ വിന്യസിച്ച് അവരെ പ്രാപ്തരാക്കാൻ മുൻകൈ എടുക്കുന്ന നിർമ്മിതിയുടെ ഡയറക്ടറെ എത്ര അനുമോദിച്ചാലും അധികമാവില്ല. പോകാൻ നേരം എന്റെ കൈപിടിച്ചുകുലുക്കി ഒരു മുതിർന്ന സഹോദരിയുടെ സ്നേഹവാത്സല്യങ്ങളോടെ ചീഫ് ജസ്റ്റിസ് ഉഷ പറഞ്ഞു. വലിയൊരു പുണ്യപ്രവൃത്തിയാണ് ആനന്ദബോസ് ചെയ്യുന്നത്. സ്ത്രീശാക്തീകരണത്തെക്കുറിച്ച് സെമിനാറുകളും ചർച്ചകളും നടത്താറുണ്ട്. അതല്ല നമുക്ക് വേണ്ടത് ഇതുപോലെ പരിശീലനത്തിലൂടെ അവരെ പ്രാപ്തരാക്കുക എന്നതാണ് ആവശ്യം.
രംഗം 2:
ചീഫ് ജസ്റ്റിസ് ഉഷാ സുകുമാരന്റെ ബെഞ്ച് കേസുകൾ കേൾക്കുന്നു;തീർപ്പാക്കുന്നു.കോടതിയിൽ ഞാനും ഉണ്ട്. പ്രതി ആയി .ഞാൻ ചെയ്ത തെറ്റ്? ആയിരത്തിലധികം വരുന്ന തൊഴിലാളികളെ കോടതി നിർദ്ദേശിച്ച സമയപരിധിക്കുള്ളിൽ സ്ഥിരപ്പെടുത്തണമെന്നും അല്ലെങ്കിൽ സ്ഥിരപ്പെടുത്താൻ കഴിയാത്തതിന്റെ കാരണം ബോദ്ധ്യപ്പെടുത്തി തീർപ്പാക്കണംഎന്നും കോടതിയുടെ ഒരു ഉത്തരവ് ഉണ്ടായിരുന്നു. അത് പാലിക്കുന്നതിൽ സർക്കാർ വീഴ്ചവരുത്തി. ഇതോടെ അത് കോടതി അലക്ഷ്യമായി. പ്രിൻസിപ്പൽ സെക്രട്ടറി ആയ ഞാൻ കോടതിയലക്ഷ്യ കേസിൽ പ്രതിയുമായി. ഒറ്റയ്ക്ക് എടുക്കാവുന്ന തീരുമാനം ആയിരുന്നില്ല അത്. ഭാരിച്ച സാമ്പത്തിക ബാധ്യതയുള്ള നടപടി. ഫയൽ മുഖ്യമന്ത്രിക്കും കാബിനറ്റിലേക്കും അയച്ചു. പക്ഷേ കോടതി പറഞ്ഞ സമയ പരിധിക്കുള്ളിൽ തീരുമാനങ്ങൾ എത്തിയില്ല. അപ്പോൾ ബന്ധപ്പെട്ടവർ കോടതിയലക്ഷ്യ കേസ് ഫയൽചെയ്തു. ഒന്നാംപ്രതി ഞാൻ. ആദ്യമായാണ് ഹൈക്കോടതിയിൽ ഒരു പ്രതിയായി എത്തി നിൽക്കുന്നത്. അവിടെ ഇട്ടിരിക്കുന്ന ബെഞ്ചുകളിൽ നിറയെ വക്കീലന്മാരാണ്. ഒരുവക്കിൽ എന്നോട് ബെഞ്ചിലിരിക്കാൻ പറഞ്ഞു. ഞാൻ ഇരുന്നു. കുറേക്കഴിഞ്ഞപ്പോൾ സർക്കാർ വക്കീൽ എന്റെ ചെവിയിൽ വന്നു പറഞ്ഞു. ചീഫ് ജസ്റ്റിസ് നോക്കുന്നുണ്ട് കേട്ടോ ഇവിടെനിന്ന് മാറി പിറകിൽ നിൽക്കുന്നതാണ് നല്ലത്. കോടതി അല്ലേ ഞാൻ പിറകിൽ പോയി നിന്നു. എനിക്ക് എതിരേയുള്ള വാദം വളരെ ശക്തമാണ്. കോടതിയെ ധിക്കരിച്ചിരിക്കുന്നു. മാത്രമല്ല തെറ്റായ സത്യവാങ്മൂലം നൽകിയിരിക്കുന്നു. അതിനെക്കുറിച്ച് കോടതി ചോദിച്ചു. വക്കീൽ എന്റെ ചെവിയിൽ ചോദിച്ചു ആരാണ് ഈ സത്യവാങ്മൂലം തയ്യാറാക്കിയത്. ഞാൻ ഉത്തരം കൊടുത്തു. നിയമവകുപ്പ്. അപ്പീൽ പോയിരിക്കുന്നു എന്ന് ഇതിൽ പറയുന്നു. പക്ഷേ അങ്ങനെ ഒരു അപ്പീൽ കോടതിയിൽ കിട്ടിയിട്ടില്ലല്ലോ. ഞാൻ പറഞ്ഞു. വകുപ്പ് തലവൻ അങ്ങനെ ആണ് റിപ്പോർട്ട് ചെയ്തത്.
കോടതി വാദം കേട്ടതിനു ശേഷം സത്യവാങ്മൂലം പുനഃപരിശോധിച്ച് വീണ്ടും സമർപ്പിക്കാൻ ഉത്തരവിട്ടു. മാത്രമല്ല ഇനിയുള്ള കോടതി നടപടികളിൽ പ്രിൻസിപ്പൽ സെക്രട്ടറി നേരിട്ട് പങ്കെടുക്കേണ്ടതില്ലെന്നും അറിയിച്ചു. വെളിയിൽ വന്നപ്പോൾ സീനിയർ വക്കീലന്മാർ പറഞ്ഞു കോടതി പ്രത്യേക പരിഗണനയാണല്ലോ തന്നത് . സാധാരണ ഇതൊന്നും സമ്മതിക്കുന്ന ആളല്ല ചീഫ്ജസ്റ്റിസ്. ചീഫ് ജസ്റ്റിസിന്റെ മനസിൽ നിർമ്മിതിയിൽ ഞാൻ ചെയ്ത ചെറിയ നല്ല കാര്യങ്ങൾ അനുകൂലമായ പ്രതികരണങ്ങൾ ഉണ്ടാക്കിയതു കൊണ്ടാണോ ഒരു വിഷമഘട്ടത്തിൽ തന്റെ വിവേചനാധികാരംഎനിക്ക് അനുകൂലമായി ഉപയോഗിച്ചത്. ഇന്നും അതിന് ഉത്തരമില്ല. എങ്കിലും എന്റെ നന്ദി അന്നും ഇന്നും ഉണ്ട്.
അഭിവന്ദ്യനായ ജസ്റ്റിസ് സുകുമാരന്റെ പത്നിയാണ് ജസ്റ്റിസ് ഉഷ. ജസ്റ്റിസ് സുകുമാരൻ അന്നും ഇന്നും എന്റെ മനസിൽ പ്രഗത്ഭനായ ന്യായാധിപൻ എന്നതിലുപരി കർമ്മനിരതനായ മനുഷ്യസ്നേഹിയാണ്. ശാസ്താംകോട്ടയിലെ കുരങ്ങന്മാർക്ക് തീറ്റകൊടുക്കാൻ ഹനുമാൻതോട്ടം എന്നപേരിൽ ഒരു പദ്ധതി തുടങ്ങിയത് ഓർക്കുന്നു. കുരങ്ങന്മാർക്ക് ഇഷ്ടമുള്ള ഞാവൽ പോലുള്ള മരങ്ങൾ വച്ചുപിടിപ്പിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. അവിടെ പഞ്ചായത്ത് ഒരു തോട്ടക്കാരനെ ചെറിയ തുച്ഛമായ വേതനത്തിൽ നിയമിച്ചു. പഞ്ചായത്തിനോട് രാഷ്ട്രീയമായി എതിരുള്ളവർ ആണെന്നു തോന്നുന്നു ഇതിനെ ചോദ്യം ചെയ്തുകൊണ്ട് കോടതിയിൽ അന്യായം കൊടുത്തു. ജസ്റ്റിസ് സുകുമാരന്റെ ബെഞ്ചിൽ. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചും മാനവികതയുടെ ഉൾപൊരുളിനെ കുറിച്ചുമൊക്കെ ആഴത്തിൽ വിശകലനം ചെയ്തിട്ടുള്ള കാവ്യാത്മകമായ ഒരു ഉത്തരവാണ് ജസ്റ്റിസ് സുകുമാരൻ പുറപ്പെടുവിച്ചത്. അതിൽ ഒരു ന്യായാധിപന്റെ ഭാഷയോ ഭാവമോ ആയിരുന്നില്ല കണ്ടത്. ഒരുതത്വചിന്തകന്റെയോ കവിയുടെയോ മനസായിരുന്നു. എപ്പോൾ എന്റെ എളിയ ജീവിതത്തിൽ ചെറിയനേട്ടങ്ങൾ ഉണ്ടാകുന്നുവൊ അപ്പോഴൊക്കെ അദ്ദേഹം വിളിച്ചു അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അദ്ദേഹം ഏകനാകുന്നു എന്നത് വലിയ സങ്കടകരമായ കാര്യമാണ് .അദ്ദേഹത്തിന് പ്രാണനും പ്രാണവായുവുമായിരുന്നു തന്റെ പ്രിയപ്പെട്ട ഭാര്യ എന്ന് എല്ലാവർക്കും അറിയാം. പക്ഷേ മനസ് പറയുന്നു പൊതുജനത്തെ സ്വന്തം കുടുംബമായി കരുതുന്ന ഒരാൾക്ക് ഒരിക്കലും ഏകാന്തത അനുഭവിക്കേണ്ടി വരില്ല. ജീവിതത്തിൽ ഉയരങ്ങൾ എത്ര താണ്ടിയാലും സഹജീവികളോട് സമഭാവന കാട്ടുന്ന ഒരു മനസിൽ എപ്പോഴും ശാന്തി ഉണ്ടാകും. ജസ്റ്റിസ് സുകുമാരന് സാന്ത്വനമേകാൻ കുമാരനാശാൻ പറയുന്നുണ്ടല്ലോ , 'രാവിപ്പോൾ ക്ഷണമങ്ങൊടുങ്ങിടും, ഉഷസെങ്ങും പ്രകാശിച്ചിടും.........."