maranalloor

മലയിൻകീഴ്: നവീകരണം നടത്തി മാസങ്ങൾ കഴിഞ്ഞപ്പോൾത്തന്നെ മൂലക്കോണം - കാട്ടാക്കട റോഡ് തകർന്ന് ശോച്യാവസ്ഥയിലായിരിക്കുകയാണ്. ഈ റോഡിലിപ്പോൾ കുഴികളില്ലാത്ത സ്ഥലങ്ങൾ കുറവാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പൊളിഞ്ഞ റോഡിലൂടെയുള്ള യാത്രയ്ക്ക് പുറമേ ഇവിടെയുണ്ടാകാറുള്ള അപകടങ്ങളും പ്രദേശവാസികളെയും യാത്രക്കാരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. കണ്ടല സഹകരണ ആശുപത്രിക്ക് മുൻവശത്തെ റോഡിലെ മെറ്റൽ ഇളകി ഉണ്ടായ കുഴിയിൽ ഇരുചക്രവാഹനങ്ങൾ വീഴുന്നത് പതിവായിട്ടുണ്ട്. 2014 - 2015ൽ 12 കോടി രൂപ വിനിയോഗിച്ച് നവീകരിച്ച റോഡാണിത്. നവീകരണ പ്രവർത്തനങ്ങൾ നടന്നപ്പോൾ തന്നെ നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് ആക്ഷേപം ഉയർന്നിരുന്നു. റോഡാകെ തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പക്ഷം. ഇതിനിടെ നിരവധിപേരാണ് ഈ റോഡിൽ അപകടത്തിൽപ്പെട്ടത്. പ്രധാന റോഡുകളിലെ ഗതാഗതകുരുക്കൊഴിവാക്കാൻ യാത്രക്കാർ ഈ റോഡിനെയാണ് ആശ്രയിക്കാറ്. നെയ്യാറ്റിൻകര,​ കാട്ടാക്കട ഭാഗങ്ങളിൽ നിന്നും വിഴിഞ്ഞം തുറമുഖത്തേക്ക് പാറക്കല്ലുകൾ ഉൾപ്പടെയുള്ളവ കൊണ്ട് പോകുന്ന ലോറികളും തമിഴ്നാട് ഭാഗത്തേക്ക് പോകുന്ന വലുതും ചെറുതുമായ വാഹനങ്ങളും ഈ റോഡിനെ ആശ്രയിക്കാറുണ്ട്. രാത്രിയിൽ യാത്രക്കാർക്ക് ജീവൻ പണയം വച്ച് ഭീതിയോടെ മാത്രമെ ഈ റോഡിലൂടെ സഞ്ചിരിക്കാനാവു.

റബറൈസ്ഡ് റോഡ് പേരിന് മാത്രം

റോഡിന്റെ ശോചനീയാവസ്ഥ കാരണം യാത്രക്കാർ ഭീതിയോടെയാണ് രാത്രികാലങ്ങളിൽ ഇതുവഴിപോകാറുള്ളത്. റബറൈസ്ഡ് റോഡാണ് നിർമ്മിച്ചിരുന്നതെങ്കിലും പാടെ തകർന്നത് യാത്രക്കാർക്ക് തിരിച്ചടിയായിരിക്കുകയാണ്. കാലങ്ങളോളം കേടുകൂടാതെ നിലനിൽക്കുന്നവയാണ് റബറൈസ്ഡ് റോഡുകൾ എന്നാൽ ഈ റോഡിന്റെ നവീകരണം കഴിഞ്ഞ് മൂന്ന് മാസമായപ്പോഴേക്കും മെറ്റൽ ഇളകിത്തുടങ്ങിയിരുന്നു. എത്രയും വേഗം റോഡ് റീടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.