
കണ്ണൂർ: ഡ്യൂട്ടി ഓഫ് സംബന്ധിച്ചുള്ള പുതിയ സർക്കാർ മാർഗ നിർദേശം ആരോഗ്യ പ്രവർത്തകർക്കും കുടുംബങ്ങൾക്കും ആശങ്കയാകുന്നു. കൊവിഡ് ഡ്യൂട്ടി (ഐസൊലേഷൻ) എടുക്കുന്നവർക്ക് നിരീക്ഷണം ആവശ്യമില്ലെന്നാണ് പുതിയ മാർഗരേഖ. നേരത്തെ ലഭിച്ചിരുന്ന ഓഫാണ് ഇനി മുതൽ നഷ്ടമാകുക.
ഐ.സി.എം.ആർ മാർഗ രേഖ പിന്തുടർന്നാണ് തീരുമാനമെന്ന് സർക്കാർ വിശദീകരിക്കുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ ജീവനക്കാർ തയ്യാറല്ല. തങ്ങളുടെ വീടുകളിലുള്ള പ്രായമായവർ, കുട്ടികൾ, രോഗികൾ എന്നിവരുടെ സുരക്ഷ ആരുനോക്കുമെന്നാണ് ചോദ്യം. മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയെ പുഴു അരിക്കാൻ ഇടയായ സാഹചര്യത്തിൽ ഒരു ഡോക്ടറെയും നഴ്സുമാരെയും സസ്പെന്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഐ.എം.എയും കേരള ഗവ. നഴ്സസ് യൂണിയനും പ്രത്യക്ഷ സമരത്തിന് ഇറങ്ങിയിരുന്നു. ഇതിനുള്ള പ്രതികാരമാണ് സർക്കാർ കൊവിഡ് ഡ്യൂട്ടി സംബന്ധിച്ച് ഇറക്കിയ ഉത്തരവിന് പിന്നിലെന്ന് ജീവനക്കാർ പറയുന്നു.
പുതിയ മാർഗ നിർദ്ദേശ പ്രകാരം ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള അവധി ദിവസങ്ങൾ ഇനിയില്ല. ആരോഗ്യ പ്രവർത്തകരുടെ അവധികൾ മറ്റ് സർക്കാർ ജീവനക്കാരുടെ അവധിക്ക് തുല്യമാക്കി. ഇതോടെ കൂടുതൽ ആരോഗ്യ പ്രവർത്തകർ രോഗ ബാധിതരാകാൻ സാദ്ധ്യതയുണ്ടെന്ന് സംഘടനാ നേതാക്കൾ പറയുന്നു.
അതേസമയം, കൊവിഡ് ബാധിതരുമായി നേരിട്ട് സമ്പർക്കമുണ്ടായാൽ നിരീക്ഷണത്തിൽ വിടുന്ന കാര്യങ്ങൾ ആശുപത്രികളിലെ സൂപ്രണ്ടിന് തീരുമാനിക്കാം. രോഗികളുടെ അടുത്ത് പോകാതെ എങ്ങനെയാണ് ശ്രുശൂഷ നടത്തുക എന്നാണ് ചോദ്യം.
കൊവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ഡ്യൂട്ടി ഓഫ് മറ്റ് സർക്കാർ മേഖലയിലെ ഓഫിന് തുല്യമാക്കിയ സർക്കാർ ഉത്തരവ് ജീവനക്കാരോടും ഇവരുടെ കുടുംബങ്ങളോടുമുള്ള വെല്ലുവിളിയാണ്. സർക്കാർ അനീതിക്കെതിരെ സമരം നടത്തുന്നതിലുള്ള പ്രതികാരമാണ് ഇതിന് പിന്നിലുള്ളത്.
സന്തോഷ്, സംസ്ഥാന സെക്രട്ടറി കേരള ഗവ. നഴ്സസ് യൂണിയൻ