covid-treatment

തിരുവനന്തപുരം:കൊവിഡ് രോഗികളുടെ എണ്ണം പെരുകുമ്പോൾ സ്വകാര്യ ആശുപത്രികൾ ചാകര കൊയ്യുന്നു. കൊവിഡ് ചികിത്സയ്‌ക്ക് സ്വകാര്യ ആശുപത്രികൾക്ക് സർക്കാർ നിരക്ക് നിശ്ചയിച്ചിട്ടുണ്ടെങ്കിലും ബില്ല് തോന്നിയ പോലെയാണ്.

സർക്കാർ നിരക്കാണോ വാങ്ങുന്നതെന്ന് പരിശോധിക്കാൻ ആരും ഇല്ലാത്തതിനാൽ ആശുപത്രികളുടെ സൗകര്യം പോലെ ബിൽ തുക മാറും. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രി ഒരു ദിവസത്തെ ചികിത്സയ്ക്ക് 35,​000 രൂപയാണ് ആവശ്യപ്പെട്ടത്.

സ്വകാര്യ ആശുപത്രികളിലെല്ലാം കൊവിഡ് രോഗികൾ നിറഞ്ഞിരിക്കുകയാണ്. കിടക്കകൾ ഒഴിവില്ല. ചിലവ് നോക്കാതെ,​ നല്ല പരിചരണം പ്രതീക്ഷിച്ച് സമ്മർദ്ദം ചെലുത്തി വരെ സ്വകാര്യ ആശുപത്രികളിൽ എത്തുന്നവരുണ്ട്. മറ്റ് രോഗങ്ങളും ഉണ്ടെങ്കിൽ ബില്ല് പിന്നെയും കൂടും. അഡ്മിറ്റ് ചെയ്യുമ്പോൾ പറയുന്ന നിരക്കിൽ തന്നെ ബില്ല് നിൽക്കുമെന്ന് ഉറപ്പില്ലെന്നാണ് രോഗികളുടെ ബന്ധുക്കൾ പറയുന്നത്.

ഏകീകൃത നിരക്ക് എവിടെ?​

എല്ലാ സ്വകാര്യ ആശുപത്രികൾക്കും ഏകീകൃത നിരക്കാണ് സർക്കാർ നിശ്ചയിച്ചത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ എം പാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലേയും സർക്കാർ സംവിധാനത്തിൽ നിന്ന് റഫർ ചെയ്യുന്ന സ്വകാര്യ ആശുപത്രികളിലെയും നിരക്കുകൾ സർക്കാർ നിശ്ചയിച്ചിട്ട് മാസങ്ങളായി. ചില സ്വകാര്യ ആശുപത്രികൾ ആ നിരക്കിൽ ചികിത്സിക്കുന്നുണ്ട്. വലിയ ആശുപത്രികളാണ് സർക്കാർ നിരക്ക് തള്ളുന്നത്.

സർക്കാർ നിരക്ക്

 ജനറൽ വാർഡ് 2300 രൂപ

 എച്ച്.ഡി.യു. 3300 രൂപ

 ഐ.സി.യു. 6500 രൂപ

 ഐ.സി.യു വെന്റിലേറ്റർ 11,500 രൂപ

 പി.പി.ഇ. കിറ്റ് ചാർജും ഈടാക്കാം.

 ആർ.ടി.പി.സി.ആർ. ഓപ്പൺ 2750 രൂപ

 ആന്റിജൻ ടെസ്റ്റ് 625 രൂപ

 എക്സ്‌പർട്ട് നാറ്റ് 3000 രൂപ

 ട്രൂ നാറ്റ് 1500 രൂപ

 ട്രൂ നാറ്റ് (സെറ്റെപ്പ് 2) 1500 രൂപ

ചികിത്സാ പാക്കേജ്

ചില സ്വകാര്യ ആശുപത്രികളിൽ പാക്കേജുണ്ട്. മൂന്നര ലക്ഷം മുതൽ 5 ലക്ഷം വരെയാണ് പാക്കേജ്. എന്നിട്ടും കിടക്കകൾ ഒഴിവില്ല. വിളിക്കുന്നവരോട് ബെഡ് ഒഴിവില്ല, അഞ്ച് ദിവസം കഴിയട്ടെ എന്നാണ് മറുപടി.