
വക്കം: വക്കം ഇറങ്ങുകടവിനു സമീപം ഗുരുദേവ ക്ഷേത്രത്തിനു നേരെയുണ്ടായ അക്രമത്തിലും കവർച്ചയിലും എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ കൗൺസിൽ അടിയന്തര യോഗം ചേർന്ന് പ്രതിഷേധിച്ചു. യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴിയുടെ നേതൃത്വത്തിൽ ആറംഗ പ്രതിനിധി സംഘം ഗുരുദേവ ക്ഷേത്രം സന്ദർശിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർ സജി വക്കം, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങളായ രമണി ടീച്ചർ, വക്കം പ്രകാശ് എന്നിവരാണ് എത്തിയത്. ഗുരുദേവക്ഷേത്രം അറ്റകുറ്റപ്പണി നടത്തി മോടിപിടിപ്പിക്കാനും ക്ഷേത്ര പരിപാലന സമിതി പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചു. യോഗം ചേർന്ന് തുടർ പ്രവർത്തനങ്ങൾക്ക് രൂപം നൽകും. സംഭവത്തിലെ പ്രതികളെ ഉടൻ കണ്ടെത്തണമെന്നും ഗുരുദേവ ക്ഷേത്രം കേന്ദ്രീകരിച്ച് രാത്രികാല പട്രോളിംംഗ് ശക്തമാക്കണമെന്നും പൊലീസ് അധികൃതരോട് യൂണിയൻ കൗൺസിൽ ആവശ്യപ്പെട്ടു. ഇറങ്ങുകടവ് ഗുരുക്ഷേത്ര സമിതി അംഗങ്ങളായ ടി. പ്രതാപൻ, പി. പ്രഭ (കുക്കു), ലാൽ, ഉണ്ണി എന്നിവരും പങ്കെടുത്തു.