
വെള്ളറട: സർക്കാർ സഹായം കടലാസിലൊതുങ്ങിയതോടെ മലയോരത്തെ വാഴ കർഷകരുടെ ജീവിതം പ്രതിസന്ധിയിൽ. വായ്പയെടുത്തും പണം കടം വാങ്ങിയും ഹെക്ടർ കണക്ക് സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയവരുടെ ജീവിതമാണ് കൂടുതൽ ഇരുട്ടിലായത്. കാറ്റും മഴയും വേനലുമെല്ലാം ചതിച്ചപ്പോൾ ലക്ഷങ്ങളുടെ ബാധ്യതയാണ് ഇവർക്കുണ്ടായത്. കൂടാതെ കാട്ടുപന്നികളുടെ ശല്യവും ഇവർക്ക് വിനയായി.
കൃഷി നശിച്ചതോടെ പാട്ടത്തുകപോലും നൽകാനാവാതെ കടക്കെണിയിലായ കർഷകരും ധാരാളമുണ്ട്. അടുത്തിടെ വാഴക്കുലകൾക്ക് നേരിയ വില ലഭിച്ചിരുന്നെങ്കിലും വിളവ് കുറവായിരുന്നു. വളവും കൃഷിക്ക് ആവശ്യമായ സഹായവും സർക്കാരിൽ നിന്ന് ലഭിച്ചാലേ തങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിയൂ എന്നാണ് വാഴ കർഷകർ പറയുന്നത്.
ഗ്രാമങ്ങൾ പ്രതിസന്ധിയിൽ
കുന്നത്തുകാൽ, ആര്യങ്കോട്, ഒറ്റശേഖരമംഗലം, വെള്ളറട, അമ്പൂരി പഞ്ചായത്തുകളിലാണ് വ്യാപകമായി തോതിൽ വാഴക്കൃഷിയുള്ളത്. പ്രകൃതി ദുരന്തങ്ങളിൽ നശിക്കുന്ന കൃഷിക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ മറ്റൊരു പരാതി. ഇതുകാരണം ഏത്തനും കപ്പയുമെല്ലാം കൃഷിയിറക്കിയവരുടെ ജീവിത പ്രതിസന്ധി ഇരട്ടിച്ചു.
കൃഷി ഭവനുകളിലൂടെ വാഴകർഷകരെ സഹായിക്കുന്ന പദ്ധതികൾ നടപ്പിലാക്കിയിലെങ്കിൽ അവശേഷിക്കുന്ന കൃഷിപോലും നശിക്കുമെന്ന അവസ്ഥയാണുള്ളത്. കൂടാതെ മേഖലയുടെ നിലനിൽപ്പിന് വായ്പയടക്കമുള്ള മറ്റു ധന സഹായങ്ങളും അടിയന്തരമായി ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം. എന്നാൽ സർക്കാർ അവഗണന തുടർന്നാൽ മലയാളികൾക്ക് തമിഴ്നാട്ടിൽ നിന്നുള്ള വാഴപ്പഴത്തെ ആശ്രയിക്കേണ്ടിവരുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
'വാഴകർഷകർക്കായി സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും അതൊന്നും യഥാസയമം നലഭിക്കുന്നില്ല. ഇതുകാരണം ഈ തൊഴിലുമായി മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയാണുള്ളത്".
- ജോസ് മണ്ണാംകോണം, വാഴകർഷകൻ