
എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന രൗദ്രം രണം രുദിരം (ആർ.ആർ.ആർ) ചിത്രത്തിന്റെ ഷൂട്ടിംഗ് പുനഃരാരംഭിച്ചു. മാർച്ചിൽ ഷൂട്ടിംഗ് തുടങ്ങാനിരുന്ന ചിത്രം കൊവിഡ് പശ്ചാത്തലത്തിൽ നിർത്തി വയ്ക്കുകയായിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് മാസങ്ങളോളം അടച്ചിട്ട സെറ്റ് കഴിഞ്ഞ ദിവസമാണ് തുറന്നത്. ഷൂട്ടിംഗ് സാമഗ്രികളെല്ലാം പൊടിപിടിച്ച നിലയിലായിരുന്നു. നൂറ് കോടിക്ക് മുകളിൽ ചെലവിട്ട് നിർമ്മിച്ച സെറ്റ് ആണിത്. ഷൂട്ടിംഗ് ആരംഭിച്ച വിവരം അറിയിച്ച് രാജമൗലി പങ്കുവച്ച വീഡിയോയിൽ സെറ്ര് വൃത്തിയാക്കുന്നതാണ് കാണാനാവുക. ഒരു ദിവസം മുഴുവൻ സെറ്റ് വൃത്തിയാക്കാൻ വേണ്ടി വന്നെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. 300 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജൂനിയർ എൻ.ടി.ആർ, രാംചരൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സഹോദരന്മാരായാണ് ജൂനിയർ എൻ.ടി.ആറും രാംചരണും ചിത്രത്തിൽ എത്തുന്നത്. വിപ്ലവകാരികളായ കോമരം ഭിം, അല്ലൂരി സീതാരാമരാജു എന്നീ കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ ഇരുവരും അവതരിപ്പിക്കുന്നത്. തെലുങ്കിന് പുറമേ ബോളിവുഡിലെ സൂപ്പർ താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. തമിഴ് നടൻ സമുദ്രക്കനിയും ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. അച്ഛൻ വിജയേന്ദ്രപ്രസാദിന്റെ കഥയ്ക്ക് രാജമൗലിയാണ് തിരക്കഥ ഒരുക്കുന്നത്. 10 ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക. ഡി.വി.വി എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ഡി.വി.വി. ധനയ്യ ആണ് ചിത്രം നിർമ്മിക്കുന്നത്.