photo

പാലോട്: 2018ൽ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം ആരംഭിച്ച നന്ദിയോട് ഓട്ടുപാലം പാലുവള്ളി തലയിൽ റോഡ് നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച നിലയിൽ. ഓട്ടുപാലം മുതൽ പച്ച ഗവ. എൽ.പി.എസ് ജംഗ്ഷൻ വരെ കാൽനട പോലും സാധ്യാമാകാത്ത രീതിയിലാണ് റോഡിന്റെ അവസ്ഥ. റോഡ് ശോച്യാവസ്ഥയിലായിട്ടും ഉദ്യോഗസ്ഥരോ,​ ജനപ്രതിനിധികളോ ഇതിന് പരിഹാരം കാണാൻ ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. 5250 മീറ്റർ നീളമുള്ള റോഡിന് അഞ്ചു വർഷത്തെ മെയിന്റൻസ് ഉൾപ്പെടെ നാലുകോടി ആയിരുന്നു കരാർ എന്നാൽ കരാറുകാരൻ കുറച്ച് ഭാഗം ടാറിംഗ് നടത്തിയതൊഴിച്ചാൽ മറ്റ് ജോലികളൊന്നും നടന്നിട്ടില്ല. ഓട നിർമ്മിച്ചെങ്കിലും കടകളിലേക്കും വീടുകളിലേക്കും കടക്കാൻ ഒടകൾക്ക് കുറുകെ സ്ളാബുകൾ സ്ഥാപിച്ചിട്ടില്ല. ഓട്ടുപാലം മുതൽ പയറ്റടി വരെ ടാറിംഗ് നടത്തുന്നതിന് യാതൊരു പ്രശ്നങ്ങളും ഇല്ലെന്നിരിക്കെ കരാറുകാരനെ കണ്ടെത്തി പരാതി പരിഹരിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നുമില്ല. റോഡ് നിർമ്മാണത്തിനായ് ഇറക്കിയ മെറ്റലും ചിപ്സും റോഡിലേക്ക് ചിതറി വീണ് ഉണ്ടാകുന്ന അപകടങ്ങളും ഏറെയാണ്. നന്ദിയോട് എൽ.പി.എസ് ജംഗ്ഷൻ മുതൽ പയറ്റടി വരെ സ്ഥലമേറ്റെടുക്കുന്നതിൽ ഉണ്ടായിട്ടുള്ള പ്രശ്നങ്ങളാണ് പണിമുടങ്ങാൻ കാരണമായിട്ടുള്ളത്. സ്ഥലമേറ്റടുക്കുന്നതിലുള്ള ഇരട്ടത്താപ്പും ചിലരുടെ വാശിയും കൂടി ചേർന്നതോടെ റോഡ് നിർമ്മാണം നിലച്ചമട്ടാണ്. അധികാരികളുടെ ഭാഗത്തു നിന്നും ശക്തമായ നിലപാട് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.