
തിരുവനന്തപുരം: എയിംസിന് (ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ്) അനുമതി ലഭിക്കുമെന്ന പ്രതീക്ഷയോടെ കേരളം കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അനുയോജ്യമായ സ്ഥലം തലസ്ഥാനമാണെങ്കിലും പ്രഖ്യാപനം മാത്രം ഇതുവരെയുണ്ടായില്ല. അധികൃതരുടെ ഉത്സാഹക്കുറവ് കാരണം എയിംസ് തലസ്ഥാനത്തിന് നഷ്ടമാകുന്ന സ്ഥിതിയാണ്. 200 ഏക്കർ സ്ഥലം നൽകുകയാണെങ്കിൽ കേന്ദ്ര സർക്കാരിന് ഒരു സംസ്ഥാനത്ത് എയിംസ് അനുവദിക്കാവുന്നതേയുള്ളൂ. രണ്ടുവർഷം മുമ്പ് എയിംസ് കിട്ടുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. നാലു സ്ഥലങ്ങളാണ് കേന്ദ്ര സർക്കാരിന്റെ മുമ്പിൽ കേരളം എയിംസിനായി സമർപ്പിച്ചത്. തിരുവനന്തപുരത്ത് കള്ളിക്കാട് - 263 ഏക്കർ, കോഴിക്കോട് കിനാലൂർ - 154 ഏക്കർ, കോട്ടയത്ത് ആർപ്പുക്കര - 195 ഏക്കർ, എറണാകുളത്ത് തൃക്കാക്കര- 123 ഏക്കർ എന്നിവയാണത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് കേന്ദ്ര സർക്കാർ എയിംസ് അനുവദിക്കുന്ന കാര്യം സൂചിപ്പിച്ചത്. ഇപ്പോഴത്തെ എൽ.ഡി.എഫ് സർക്കാരാകട്ടെ കോഴിക്കോടിനെയാണ് എയിംസിന് വേണ്ടി പരിഗണിച്ചത്. കേന്ദ്രം എയിംസ് അനുവദിക്കുമെന്ന് പലതവണ പ്രതീക്ഷിച്ചെങ്കിലും പ്രഖ്യാപനം മാത്രം എങ്ങുമെത്തിയില്ല. 24 എയിംസുകൾ കേന്ദ്രം വിവിധ സംസ്ഥാനങ്ങളിലായി അനുവദിച്ചിട്ടുണ്ട്. ഇതിൽ 16 എണ്ണം പ്രവർത്തിക്കുന്നു, ബാക്കി എട്ടെണ്ണം വിവിധ സംസ്ഥാനങ്ങളിൽ നിർമ്മാണം പുരോഗമിക്കുകയാണ്. തെലങ്കാന, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒന്നിൽ കൂടുതൽ എയിംസുകളുണ്ട്. ജമ്മുകാശ്‌മീരിൽ ജമ്മു മേഖലയിലും കാശ്‌മീർ താഴ്‌വരയിലും ഓരോന്നുവീതമുണ്ട്. കൂട്ടായി പരിശ്രമിച്ചാൽ രാജ്യത്തിന്റെ അഭിമാനമായ എയിംസ് കേന്ദ്രം തലസ്ഥാനത്തേക്ക് കൊണ്ടുവരാൻ കഴിയും.
കിട്ടുന്നത് ഗുണമേന്മയുള്ള ചികിത്സ
എയിംസ് കേന്ദ്രമോ അതുപോലെ ഗുണനിലവാരവും വിദഗ്ദ്ധ ചികിത്സയും ലഭിക്കുന്ന ആശുപത്രിയോ സർക്കാർ മേഖലയിൽ സ്ഥാപിക്കുന്നതോടെ വിദഗ്ദ്ധ ചികിത്സയും വലിയ ശസ്ത്രക്രിയകളും സാധാരണക്കാർക്കു കൂടി എളുപ്പത്തിൽ ലഭ്യമാകും. തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള വൻകിട സ്വകാര്യ ആശുപത്രികളിൽ വലിയ ശസ്ത്രക്രിയകൾക്കും മറ്രും ലക്ഷക്കണക്കിന് രൂപയാണ് ഇപ്പോൾ ഈടാക്കുന്നത്. അദ്ധ്യാപകർക്കും ഡോക്ടർമാർക്കും സ്വകാര്യ പ്രാക്ടീസ് നടക്കില്ല. ഗവേഷണത്തിനായിരിക്കും ഇവിടെ പ്രാധാന്യം. എയിംസ്, ജിപ്മെർ, ചണ്ഡിഗഡ് പി.ജി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവ പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. നമ്മുടെ മെഡിക്കൽ കോളേജിലുള്ളതിനെക്കാൾ വളരെ അധികമായിരിക്കും ഇവിടേക്കുള്ള ബഡ്‌ജറ്റ് വകയിരുത്തൽ.
നിലവിലുള്ളതിനെ പ്രയോജനപ്പെടുത്താം
പുതിയ എയിംസ് കിട്ടിയില്ലെങ്കിൽ ശ്രീചിത്രാ ഇൻസ്റ്റിറ്ര്യൂട്ട്, മെഡിക്കൽ കോളേജ് തുടങ്ങിയവയുടെ നിലവാരം ഉയർത്തി എയിംസ് ആക്കി മാറ്റാമെന്ന നിർദ്ദേശവും ചിലർ മുന്നോട്ടുവയ്ക്കുന്നു. എന്നാൽ ഇതിന് വലിയ സ്വീകാര്യത ലഭിച്ചിട്ടില്ല.