ആറ്റിങ്ങൽ: ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന അഞ്ച് വ്യാപാര സ്ഥാപനങ്ങളിൽ കൊവിഡ് വ്യാപിച്ചതിനാൽ അവ നഗരസഭയുടെ നിർദ്ദേശപ്രകാരം അടച്ചു.പ്രമുഖ ജ്യുവലറി,​മത്സ്യ മാർക്കറ്റിലെ രണ്ട് ചായക്കടകൾ,​മൂന്നുമുക്കിലെ ബേക്കറി,​മാർക്കറ്റ് റോഡിലെ പച്ചക്കറി കട എന്നിവയാണ് അടച്ചത്. എൽ.എം.എസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ജ്യുവല്ലറിയിലെ അകൗണ്ടന്റിനാണ് കഴിഞ്ഞ ദിവസം രോഗ ലക്ഷണം കണ്ടത്. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.ആലംകോട് മത്സ്യ മാർക്കറ്റിൽ ചായക്കട നടത്തുന്ന 60 കാരനും 24 കാരനും രോഗം സ്ഥിരീകരിച്ചു.മൂന്നുമുക്കിലെ പ്രമുഖ ബേക്കറിയിലെ 22 കാരനും 32 കാരനും രോഗം സ്ഥിരീകരിച്ചു.കാസർകോട് സ്വദേശിക്കും കി ഴുവിലം സ്വദേശിക്കുമാണ് കൊവിഡ്. ഇതിൽ കാസർകോടുകാരൻ നഗരസഭാ 18 വാർഡിലെ ഹോസ്റ്റലിലാണ് താമസം. ഇവിടെ ഇയാളോടൊപ്പം 8 പേർ താമസിക്കുന്നുണ്ട്. ഇവരും നിരീക്ഷണത്തിലാണ്.മാർക്കറ്റ് റോഡിൽ പച്ചക്കറി കട നടത്തുന്ന 65 കാരന് കൊവിഡ് സ്ഥിരീകരിച്ചു. വീരളം സ്വദേശിയാണ് ഇയാൾ.ക്വാറന്റൈനിൽ പ്രവേശിച്ച ജീവനക്കാർക്കു പകരം പുതിയ ജീവനക്കാരെ നിയമിച്ച ശേഷം മാത്രമേ സ്ഥാപനം തുറന്നു പ്രവർത്തിക്കാൻ അനുവദിക്കൂ എന്നും പകരം നിയമിക്കുന്ന ജീവനക്കാരുടെ വിവരം നഗരസഭയെ അറിയ്ക്കണമെന്നും ചെയർമാൻ എം.പ്രദീപ് പറഞ്ഞു.