
തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ദേശീയ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷനായി സ്ഥാനമേറ്റശേഷം സംസ്ഥാന കമ്മിറ്റി ഓഫീസ് സന്ദർശിക്കാനെത്തവെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യൽ മീഡിയകളിൽ ബി.ജെ.പി യോടൊപ്പം യുവാക്കൾ അണിനിരക്കുകയാണ്. സി.പി.എമ്മിന് പിടിച്ചു നിൽക്കാൻ കാപ്‌സ്യൂൾ കമന്റുകൾ വേണ്ടിവരിയാണ്. നരേന്ദ്രമോദി രാജ്യത്ത് ഒരുലക്ഷത്തി എൺപതിനായിരം കിലോമീറ്റർ റോഡ് വികസനം ഉണ്ടാക്കിയപ്പോൾ 18 കിലോമീറ്റർ റോഡ് പോലും പിണറായിക്ക് നിർമ്മിക്കാനായില്ല. ബി.ജെ.പി മുസ്ലിം വിരുദ്ധ പ്രസ്ഥാനമാണെന്നുള്ള പ്രചാരണത്തിന്റെ മുനയൊടിക്കുന്നതാണ് തന്റെ സ്ഥാനലബ്ധിയെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ 11.30ന് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ് അടക്കമുള്ള നേതാക്കളാണ് സ്വീകരിച്ചു. തുടർന്ന് തൈക്കാട്ടെ മാരാർജി ഭവനിലെത്തിയ അബ്ദുള്ളക്കുട്ടിയെ സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി. രമ, ജനറൽ സെക്രട്ടറി പി. സുധീർ തുടങ്ങിയവർ സ്വീകരിച്ചു.